വേനൽ കടുത്തു; പഴവർഗങ്ങൾക്ക് ആവശ്യക്കാരേറുന്നു
1515926
Thursday, February 20, 2025 4:11 AM IST
മൂവാറ്റുപുഴ: വേനൽ കടുത്തതോടെ പഴവർഗങ്ങൾക്ക് മൂവാറ്റുപുഴയിൽ ആവശ്യക്കാരേറുന്നു. ചൂട് ഉയരുന്നതോടെയാണ് തണ്ണിമത്തനും മുന്തിരിയും ഓറഞ്ചുമടങ്ങുന്ന ജലാംശമുള്ള പഴവർഗങ്ങൾക്ക് ആവശ്യക്കരേറുന്നത്.
ആപ്പിളും പേരക്കയും ഉൾപ്പെടെയുള്ളവ വിപണിയിലുണ്ടെങ്കിലും കൂടുതൽ ജലാംശമുള്ള തണ്ണിമത്തനോടാണ് വേനൽക്കാലത്ത് ആളുകൾക്ക് പ്രിയം. ഇളംപച്ച നിറത്തിലുള്ള തമിഴ്നാടൻ തണ്ണിമത്തനും മഞ്ഞ നിറത്തിലുള്ള വലിപ്പം കുറഞ്ഞതും മധുരം കൂടുതലുമുള്ള കിരണ്‍ ഇനത്തിൽപ്പെട്ട തണ്ണിമത്തനും മൂവാറ്റുപുഴയിലെ വിപണി കയ്യടക്കിക്കഴിഞ്ഞു. പലനിറങ്ങളിലുള്ള തണ്ണിമത്തനുകളാണ് ആവശ്യക്കാരെ ആകർഷിക്കാൻ വിപണികളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സാധാരണ തണ്ണിമത്തന് 26 രൂപയും കിരണ്‍ തണ്ണിമത്തന് 25 രൂപയുമാണ് മൂവാറ്റുപുഴയിലെ വിപണി വില. തണ്ണിമത്തനോടെന്നപോല ഓറഞ്ചും മുന്തിരിയും പൈനാപ്പിളും വിപണിയിൽ സജീവമായിക്കൊണ്ടിരിക്കുകയാണെന്ന് വ്യാപാരികൾ പറഞ്ഞു.
സാധാമുന്തിരിക്കും, ഒപ്പം കുരുവില്ലാത്ത മുന്തിരിക്കും പ്രിയമേറെയാണ്. മുന്തിരിക്ക് 100 മുതൽ 180 രൂപ വരെയും പൈനാപ്പിളിന് 50 രൂപയും ഓറഞ്ചിന് 100 രൂപയുമാണ് വിപണി വില.