ആലുവ-ആലങ്ങാട് റോഡ് വികസനം : സ്ഥലമെടുപ്പ് നടപടികൾ മന്ദഗതിയിൽ
1515905
Thursday, February 20, 2025 3:49 AM IST
ആലുവ: തോട്ടക്കാട്ടുകര മുതൽ കടുങ്ങല്ലൂർ വഴി ആലങ്ങാട് വരെ റോഡിന് വീതി കൂട്ടുന്ന വികസന പദ്ധതിയിലെ ഭൂമി ഏറ്റെടുക്കൽ നടപടികൾ മന്ദഗതിയിലായി. ഇതിനായി അങ്കമാലി സിവിൽ സ്റ്റേഷനിൽ ആരംഭിച്ച പിഡബ്ല്യുഡി ലാന്റ് അക്വിസിഷൻ സ്പെഷൽ തഹസീൽദാരുടെ ഓഫീസ് പണലഭ്യതക്കുറവ് കൊണ്ട് അടച്ചുപൂട്ടൽ ഭീഷണിയിൽ.
റോഡ് വികസനത്തിനായി ഭൂമി വിട്ടു നൽകുന്നവർക്ക് ചട്ട പ്രകാരമുള്ള നഷ്ടപരിഹാരം അതിവേഗം ലഭ്യമാക്കുന്ന നടപടികൾ വേഗത്തിലാക്കാനാണ് പ്രവർത്തന ഫണ്ടായി അങ്കമാലി ഓഫീസിന് രണ്ടു കോടി രൂപ അനുവദിച്ചത്. ജീവനക്കാരുടെ ശമ്പളവും ഇതിൽപ്പെടും. ഇതാണിപ്പോൾ തടസപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ വർഷം ജൂണിൽ പുറത്തിറങ്ങിയ വിജ്ഞാപന പ്രകാരമാണ് പൊന്നുവില ഓഫീസറായി പിഡബ്ല്യുഡി ലാന്റ് അക്വിസിഷൻ സ്പെഷൽ തഹസീൽദാറെ നിയമിച്ചത്. എന്നാൽ രണ്ട് മാസമായി ഇവിടുത്തെ ജീവനക്കാരുടെ ശമ്പളം തന്നെ വൈകിയിരിക്കുകയാണ്.
ആലുവ നഗരസഭാ പരിധിയിൽ വരുന്ന ദേശീയ പാതയിൽ നിന്നുള്ള തോട്ടക്കാട്ടുകര - പെരിക്കപ്പാലം റോഡ്, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന പെരിക്കപ്പാലം - കിഴക്കേ കടുങ്ങല്ലൂർ റോഡ് എന്നീ മേഖലയിലെ റോഡ് വികസനത്തിനായാണ് സ്ഥലം ഏറ്റെടുക്കേണ്ടത്.
ഇരുവശത്തു നിന്നും രണ്ടു മീറ്റർ അളന്നുവെങ്കിലും തുടർ നടപടികൾ തടസപ്പെട്ടിരിക്കുകയാണ്. കടുങ്ങല്ലൂർ റോഡ് വികസനം യാഥാർഥ്യമാക്കുവാൻ സർക്കാർ നടപടി വേഗത്തിലാക്കണമെന്ന് വികസന സമിതി കൺവീനർ കെ.എസ്. പ്രകാശ് ആവശ്യപ്പെട്ടു. സമിതിയുടെ ആലുവയിൽ ചേർന്ന യോഗത്തിൽ ജനകീയ ഒപ്പുശേഖരണം ആരംഭിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
രൂക്ഷമായ ഗതാഗതക്കുരുക്ക് നേരിടുന്ന തോട്ടക്കാട്ടുകര - കിഴക്കേ കടുങ്ങല്ലൂർ ഭാഗത്ത് റോഡിന്റെ വീതി കൂട്ടുക എന്നത് ദശാബ്ദങ്ങളായുള്ള ജനങ്ങളുടെ ആവശ്യമാണ്. ഏഴ് മീറ്റർ വീതിയിലുള്ള ടാർ റോഡിനൊപ്പം സർവീസ് റോഡ്, ഡ്രെയിൻ കം ഫുട്പാത്ത്, കേബിൾ ഡക്ട് എന്നിവ ഉൾപ്പെടെ 12 മീറ്റർ വീതിയിലാണ് റോഡ് വികസന പദ്ധതി.