ടാങ്കിനെ ചൊല്ലി തര്‍ക്കം : അയല്‍വാസികളെ ഇരുമ്പുവടിക്ക് ആക്രമിച്ച രണ്ടു പേര്‍ക്കെതിരെ കേസ്
1515521
Wednesday, February 19, 2025 4:07 AM IST
കൊച്ചി: വീടിനു സമീപം ടാങ്ക് നിര്‍മിച്ചതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ ഗൃഹനാഥനെയും ഭാര്യയെയും മക്കളെയും ഇരുമ്പുവടിക്ക് ആക്രമിച്ചതിന് അയല്‍വാസികളായ രണ്ട് പേര്‍ക്കെതിരെ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തു.
കലൂര്‍ സ്വദേശികളായ ദിലീപ് ഹംസ, മകന് നിയാസ് എന്നിവര്‍ക്കെതിരെ വധശ്രമം, അതിക്രമിച്ച് കടക്കൽ, ആക്രമിച്ച് പരിക്കേല്‍പ്പിക്കല്‍ വകുപ്പ്പ്രകാരമാണ് കേസ്. തെരിപ്പറമ്പില് വീട്ടില്‍ വിനീത്, ഭാര്യ ദീപ, മക്കളായ സെൻ, വരുണ്‍ എന്നിവരുടെ പരാതിയിലാണ് നോര്‍ത്ത് പോലീസ് കേസെടുത്തത്.
കലൂര്‍-ദേശാഭിമാനി റോഡ് കൈരളി സ്ട്രീറ്റില്‍ തിങ്കള്‍ പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. വിനീതിന്റെ വീടിന് സമീപം ഒന്നാം പ്രതി ദിലീപ് ഹംസ ടാങ്ക് നിര്‍മിച്ചിരുന്നു. ഇത് അനധികൃതമാണെന്നു പറഞ്ഞ് വിനീത് കൊച്ചി കോര്‍പ്പറേഷനില്‍നിന്ന് സ്റ്റോപ്പ് മെമ്മോ നേടിയതിന്റെ വിരോധത്തില്‍ ദിലീപ് ഹംസയും നിയാസും ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതിയിലുള്ളത്.