പണം തിരികെ ചോദിച്ച് ഏജൻസി ഓഫീസിലെത്തി ബഹളം
1515940
Thursday, February 20, 2025 4:24 AM IST
കോതമംഗലം: പാതിവില തട്ടിപ്പിൽ കബളിപ്പിക്കപ്പെട്ടവർ കോതമംഗലത്ത് ഇടനിലക്കാരായി പ്രവർത്തിച്ച അക്കോവ എജൻസി ഓഫീസിൽ പണം ചോദിച്ചെത്തി ബഹളം വച്ച് പ്രതിഷേധിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ജനപ്രതിനിധികളടക്കം അന്പതോളം സ്ത്രീ പുരുഷൻമാരാണെത്തിയത്.
വിമലഗിരി സ്കൂളിന് സമീപം അക്കോവ ഓഫീസിന് മുന്നിലാണ് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ എത്തി അടച്ച പണം തിരികെ തരണമെന്ന് ആവശ്യപ്പെട്ടത്. സ്ഥാപനത്തിന്റെ ഉത്തരവാദിത്വപ്പെട്ടവർ സ്ഥലത്ത് ഉണ്ടായിരുന്നില്ല.
പ്രതിഷേധവുമായെത്തിയവർ തടഞ്ഞുവച്ച ജീവനക്കാരനെ പോലീസ് എത്തിയാണ് മോചിപ്പിച്ചത്. അനന്തു കൃഷ്ണന്റെ തട്ടിപ്പ് പദ്ധതിയിലേക്ക് അക്കോവ വഴി 525 പേർ പാതി വിലക്ക് സ്കൂട്ടർ വാങ്ങാൻ പണം അടച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
മൂന്ന് കോടിയോളം രൂപയുടെ ഇടപാട് നടന്നതായാണ് നിഗമനം. ഏതാനും പേർക്ക് സ്കൂട്ടർ നൽകുകയും ചെയ്തിരുന്നു. പണം നൽകിയവരുടെ പരാതി പ്രകാരം അക്കോവയുടെ മേധാവി വി. സജികുമാറിനെതിരെ കോതമംഗലം പോലീസ് മൂന്ന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അനന്തുകൃഷ്ണനെതിരെ വി. സജികുമാറും പോലിസിൽ പരാതി നൽകിയിട്ടുണ്ട്. കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറിയെന്ന് പോലീസ് പറഞ്ഞു. അക്കോവയ്ക്ക് പുറമെ മറ്റ് മൂന്ന് എജൻസികൾ കൂടി കോതമംഗലത്ത് അനന്തുകൃഷ്ണന് പണം കൈമാറിയിട്ടുണ്ട്. ഇവരുടെ ഓഫീസുകളിലും തട്ടിപ്പിന് ഇരയായവർ പണം ചോദിച്ച് ബഹളം ഉണ്ടാക്കുന്നുണ്ട്.
ഈ ഏജൻസികളും അനന്തുകൃഷ്ണനെതിരെ പോലീസിനെ സമീപിച്ചിരുന്നു. ഇതിന് പുറമെ ഗുണഭോക്താക്കൾ നേരിട്ട് 60 ഓളം പരാതികളും നൽകിയിട്ടുണ്ട്. കോതമംഗലത്ത് 2500 ഓളം പേർ കബളിപ്പിക്കപ്പെട്ടിട്ടുള്ളതായി പോലിസ് പറഞ്ഞു.