പിറവത്ത് ‘തൂവൽ സ്പർശ’ത്തിനു തുടക്കം
1515498
Wednesday, February 19, 2025 3:39 AM IST
പിറവം: നഗരസഭയുടെ ആഭിമുഖ്യത്തിൽ കോളജ് വിദ്യാർഥികൾക്കുള്ള പാലിയേറ്റീവ് കെയർ ബോധവത്കരണ ക്ലാസ് -തൂവൽ സ്പർശം-പരിപാടിക്ക് ബിപിസി കോളജിൽ തുടക്കമായി. ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സണ് അഡ്വ. ജൂലി സാബു നിർവഹിച്ചു. നഗരസഭയിലെ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ആരോഗ്യ പരിചരണ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഡോക്ടർ, നഴ്സിംഗ് ഓഫീസർ, സെക്കൻഡറി നഴ്സ്, പ്രൈമറി നഴ്സ് എന്നിവരടങ്ങിയ സമഗ്ര മെഡിക്കൽ സംഘം പദ്ധതിക്ക് നേതൃത്വം നല്കും. കൂടാതെ ആശാവർക്കർമാരും പാലിയേറ്റീവ് വോളന്റിയേഴ്സും ഓരോ വാർഡിലെയും പ്രവർത്തനങ്ങളിൽ സജീവമായിരിക്കും.
സ്വയം നടക്കാൻ കഴിയാത്ത, പ്രാഥമിക കാര്യങ്ങളിൽ സഹായം ആവശ്യമുള്ള കിടപ്പുരോഗികൾക്ക് നഴ്സിംഗ് പരിചരണം, ഡ്രസിംഗ്, മൂത്രതടസം ഉള്ളവർക്കു ഫോളീ കത്തീറ്റർ നേരിട്ട് വീടുകളിലെത്തി ഇട്ട് കൊടുക്കും. സ്ട്രോക്ക് രോഗികൾക്ക് ഫിസിയോതെറാപ്പി സേവനം നൽകും. കൂടുതൽ ശ്രദ്ധയും പരിചരണവും ആവശ്യമായ രോഗികൾക്ക് ഡോക്ടർ സേവനവും വീട്ടിൽ ലഭ്യമാക്കും.
സ്ഥിരമായി മരുന്നുകൾ ഉപയോഗിക്കുന്ന രോഗികൾക്ക് എല്ലാ മരുന്നുകളും സൗജന്യമായി വിതരണം ചെയ്യും. സെക്കൻഡറി പാലിയേറ്റീവ് യൂണിറ്റിൽ മോർഫിൻ പോലുള്ള വേദന സംഹാരികളും ഡയാലിസിസ് ചെയ്യുന്ന രോഗികൾക്കു കുത്തിവെയ്പ്പും ഓർഗൻ ട്രാൻസ്പ്ലാന്റ് കഴിഞ്ഞ രോഗികൾക്കു വിലകൂടിയ ട്രാൻസ്പ്ലാന്റ് മെഡിസിനും മലദ്വാര കാൻസർ രോഗികൾക്ക് കൊളസ്റ്റോമി ബാഗ് മുതലായവ പാലിയേറ്റീവ് കെയർ സേവനം വഴി നൽകിവരുന്നുണ്ട്.