കലുങ്ക് തകർന്നു; നാട്ടുകാർ ദുരിതത്തിൽ
1515924
Thursday, February 20, 2025 4:01 AM IST
കോതമംഗലം: കീരന്പാറ പഞ്ചായത്തിലെ പാലമറ്റത്ത് കൊണ്ടിമറ്റംകോറിയ റോഡിലെ കലുങ്ക് ഭാഗികമായി തകർന്നതോടെ നാട്ടുകാർ ദുരിതത്തിൽ. കലുങ്കിലൂടേയുള്ള ഭാരവാഹന ഗതാഗതം നിരോധിച്ചിരിക്കുകയാണ്.
നിരവധി വീട്ടുകാർ ഉപയോഗിക്കുന്ന റോഡാണിത്. കലുങ്കിന്റെ കരിങ്കൽകെട്ടിനും കോണ്ക്രീറ്റ് ഭിത്തിക്കും തകർച്ചയുണ്ടായിട്ടുണ്ട്. ഇടിഞ്ഞ്പൊളിഞ്ഞു വീഴാനുള്ള സാധ്യതയുള്ളതിനാലാണ് പഞ്ചായത്ത് അധികൃതർ ഗതാഗതം നിരോധിച്ചുകൊണ്ടുള്ള ബോർഡ് സ്ഥാപിച്ചത്. കലുങ്കിനോട് ചേർന്ന് റോഡിൽ കുഴി രൂപപ്പെട്ടിരുന്നു.
കോണ്ക്രീറ്റ് ഭിത്തി തകർന്നതു മൂലമാണ് ഈ കുഴി രൂപപ്പെട്ടതെന്നാണ് പരിശോധനയിൽ വ്യക്തമായിരിക്കുന്നത്. 15 വർഷത്തോളം മുന്പാണ് ഈ റോഡും കലുങ്കും നിർമിച്ചത്. എത്രയും വേഗം കലുങ്ക് പുനർനിർമിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.