കൊടുംചൂടില്‍ പനിച്ച് കൊച്ചി
1515514
Wednesday, February 19, 2025 4:04 AM IST
കൊച്ചി: ചൂട് കൂടിയതോടെ ജില്ലയില്‍ പനി ബാധിതരുടെ എണ്ണവും വര്‍ധിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിവിധയിടങ്ങളിലായി 2947 പേരാണ് പനിക്ക് ചികിത്സ തേടിയത്. ഇതില്‍ 20 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 60 പേര്‍ക്ക് രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. ആറു പേര്‍ക്ക് എലിപ്പനിയും 30 പേര്‍ക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചിട്ടുണ്ട്. വേനല്‍ക്കാല രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
ചൂട് കൂടുന്നതിനാല്‍ സൂര്യാഘാതം പോലുള്ളവ ഒഴിവാക്കാന്‍ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള സമയക്രമം പാലിക്കണം. രോഗങ്ങളും രോഗലക്ഷണങ്ങളും കണ്ടു തുടങ്ങിയാല്‍ സ്വയം ചികിത്സ ഒഴിവാക്കി ആശുപത്രി ചികിത്സ തേടണം. ഒപ്പം രോഗം പിടിപെടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കുന്നു.
ചൂട് കൂടുന്ന സാഹചര്യത്തില്‍ പനിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ചികിത്സ തേടേണ്ടതാണ്. പകര്‍ച്ചവ്യാധിയില്‍ ഉള്‍പ്പെടുന്ന രോഗമായതിനാല്‍ പനി പിടിപെടുന്നവര്‍ ജാഗ്രത പുലര്‍ത്തുകയും വേണം. സ്വയം ചികിത്സ ഒഴിവാക്കി ഏത് പനിയാണെന്ന് ആദ്യം സ്ഥിരീകരിച്ച ശേഷമേ ചികിത്സ ആരംഭിക്കാവൂ.
ശുചിത്വമില്ലായ്മ മൂലം ഉണ്ടാകുന്ന പനികളും ധാരാളമാണ്. അതുകൊണ്ടുതന്നെ മലിന ജലവുമായുളള സമ്പര്‍ക്കം ഒഴിവാക്കണം. ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവ ഇത്തരം വൃത്തിഹീനമായ സാഹചര്യത്തില്‍ നിന്നു പടര്ന്നുപിടിക്കുന്നവയാണ്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണം. കൊതുകു കടിയേല്‍ക്കാതിരിക്കാനും ശ്രദ്ധിക്കണം. തുറസായ സ്ഥലങ്ങളില്‍ വില്‍ക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കരുതെന്നും ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്കുന്നു.