വ്യാപാരികൾ "പുനർജനി' പാലിയേറ്റീവ് റെസ്റ്റ് ഹൗസ് നിർമിക്കും
1515913
Thursday, February 20, 2025 3:49 AM IST
നെടുമ്പാശേരി: നെടുമ്പാശേരി കേന്ദ്രമായി വ്യാപാരികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വി കെയർ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ "പുനർജനി" പാലിയേറ്റീവ് റെസ്റ്റ് ഹൗസ് നിർമിക്കും. ശനിയാഴ്ച്ച പകൽ രണ്ടിന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പാലിയേറ്റീവ് ഹൗസ് പ്രഖ്യാപനവും, കുടുംബ സുരക്ഷാ ഫണ്ട് വിതരണവും നടത്തും.
സൊസൈറ്റി അംഗങ്ങളായ വ്യാപാരികൾക്ക് ചികിത്സകൾക്ക് ശേഷം വിശ്രമം ആവശ്യമായി വരുമ്പോൾ താമസിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് പുനർജനി റസ്റ്റ് ഹൗസിൽ ക്രമീകരിച്ചിട്ടുള്ളതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വികെയർ പാലിയേറ്റീവ് സൊസൈറ്റിയുടെ പാലിയേറ്റീവ് ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനായി ഈ കേന്ദ്രം ഉപയോഗിക്കും. പാറക്കടവ് പഞ്ചായത്തിലെ കുറുമശേരിയിൽ സ്വകാര്യ വ്യക്തി പാലിയേറ്റീവ് സെന്ററിന് സൗജന്യമായി നൽകിയ സ്ഥലത്താണ് മൂന്ന് നിലകളിലായി 4,500 സ്ക്വയർ ഫീറ്റിൽ പാലിയേറ്റീവ് റെസ്റ്റ് ഹൗസ് നിർമിക്കുന്നത്.
മേഖലയിലെ 2,200 വ്യാപാരികൾക്ക് അംഗത്വമുള്ള പാലിയേറ്റീവ് സൊസൈറ്റിയിൽ അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ 8,000 പേർക്ക് പാലിയേറ്റീവ് ഉപകരണങ്ങൾ കൊടുക്കുന്നതിനുള്ള സജ്ജീകരണത്തോടെയാണ് ഇപ്പോൾ പാലിയേറ്റീവ് സെന്റർ പ്രവർത്തിക്കുന്നത്.
നിലവിൽ സംഘടനയുടെ കുടുംബ സുരക്ഷ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളവർക്ക് മരണാനന്തര ആനുകൂല്യങ്ങൾ ഉൾപ്പെടെ നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. സ്വന്തമായി ഓഫീസ് സജ്ജമാകുന്നതോടെ ആംബുലൻസ് സേവനത്തോടൊപ്പം സേവന സന്നദ്ധരായ ആരോഗ്യ പ്രവർത്തകരുടെ സഹകരണത്തോടെ ഹോം കെയർ പ്രവർത്തനങ്ങളും ലഭ്യമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ശനിയാഴ്ച നടക്കുന്ന ചടങ്ങിൽ കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്, ജന. സെക്രട്ടറി എ.ജെ. റിയാസ്, ട്രഷറർ സി.എസ്. അജ്മൽ, വർക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യത്ത് തുടങ്ങി സംഘടന ഭാരവാഹികളും പൗരപ്രമുഖരും യോഗത്തിൽ സംബന്ധിക്കും. യോഗത്തിൽ പലിയേറ്റീവ് പദ്ധതിയിൽ അംഗങ്ങളായവർക്കുള്ള അംഗത്വ കാർഡ് വിതരണവും ചെയ്യും.