മട്ടാഞ്ചേരിയിലേക്ക് മാര്‍ച്ചില്‍ വാട്ടര്‍മെട്രോ
1515941
Thursday, February 20, 2025 4:24 AM IST
കൊച്ചി: പശ്ചിമകൊച്ചിയിലെ വിനോദ സഞ്ചാര മേഖലകളിലേക്ക് ടൂറിസ്റ്റുകളും പ്രദേശവാസികളും നേരിടുന്ന യാത്രാക്ലേശം പരിഹരിച്ച് വാട്ടര്‍മെട്രോയുടെ മട്ടാഞ്ചേരി സര്‍വീസ് മാര്‍ച്ച് അവസാനത്തോടെ ആരംഭിച്ചേക്കും.
ടെര്‍മിലിന്റെ പണികള്‍ പൂര്‍ത്തിയായി വരികയാണ്. ബോട്ട് അടുപ്പിക്കുന്ന ഭാഗത്തെ ചെളി നീക്കല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ വരും ദിവസങ്ങളില്‍ നടക്കും. നിലവില്‍ ജലഗതാഗത വകുപ്പിന്റെ ബോട്ട് സര്‍വീസ് ഇവിടെയുണ്ടെങ്കിലും വിനോദ സഞ്ചാരികള്‍ക്ക് മട്ടാഞ്ചേരിയിലേക്കുള്ള വാട്ടര്‍മെട്രോ സര്‍വീസ് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.
ഹൈക്കോടതി ജംഗ്ഷനിലെ എറണാകുളം ടെര്‍മിനല്‍ കേന്ദ്രീകരിച്ചാകും മട്ടാഞ്ചേരിയിലേക്കുള്ള സര്‍വീസ്. വെല്ലിംഗ്ടണ്‍ ഐലൻഡില്‍ ബോട്ടിന് സ്റ്റോപ്പുണ്ടാകും. ഫോര്‍ട്ട്കൊച്ചിക്ക് നേരിട്ട് സര്‍വീസുള്ളതിനാല്‍ ഫോര്‍ട്ട്കൊച്ചിയിലേക്ക് ബോട്ട് പോകില്ല. മൂന്ന് ബെര്‍ത്തുകള്‍ ഉണ്ടെങ്കിലും ഒരു സമയം ഒരു ബോട്ടിന് നിര്‍ത്തിയിടാനുള്ള ആഴം മാത്രമേ മട്ടാഞ്ചേരി ടെര്മിനലിനുണ്ടാകൂ. 50 പേര്‍ക്ക് ഇരുന്ന് സഞ്ചരിക്കാന്‍ കഴിയുന്ന ബോട്ട് തന്നെയാകും ഇവിടേക്കും സര്വീസിനുപയോഗിക്കുകയെന്നാണ് വാട്ടര്‍ മെട്രോ അധികൃതര്‍ നല്കുന്ന ഉറപ്പ്.
മട്ടാഞ്ചേരി സര്‍വീസ് ആരംഭിക്കുന്നതോടെ വാട്ടര്‍മെട്രോ യാത്രക്കാരുടെ എണ്ണം 10,000 കടക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. 2023 ഏപ്രില്‍ 23ന് സര്‍വീസ് ആരംഭിച്ച ശേഷം അടുത്തിടെയാണ് പ്രതിദിന യാത്രക്കാരുടെ എണ്ണം 10,000 എന്ന നാഴികകല്ലിലേക്ക് അടുത്തത്.
ഹൈക്കോടതി-വൈപ്പിന്‍, വൈറ്റില-കാക്കനാട് റൂട്ടുകളില്‍ ആദ്യഘത്തില്‍ സര്‍വീസ് ആരംഭിച്ച ശേഷം ഇപ്പോള്‍ എട്ട് ടെര്‍മിനലുകള്‍ കേന്ദ്രീകരിച്ച് നൂറിലേറെ സര്‍വീസുകള്‍ വാട്ടര്‍മെട്രോ നടത്തുന്നുണ്ട്. ഇതുവരെ 37 ലക്ഷം ആളുകള്‍ വാട്ടര്‍മെട്രോയില്‍ യാത്ര ചെയ്തിട്ടുണ്ട്.