സ്വകാര്യ വ്യക്തിയുടെ പറമ്പിൽ അനുവാദമില്ലാതെ പഞ്ചായത്തിന്റെ മാലിന്യ നിക്ഷേപമെന്ന് പരാതി
1515912
Thursday, February 20, 2025 3:49 AM IST
ഉദയംപേരൂർ: ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡിൽ കടുംതോട്ടിൽപറമ്പിൽ സ്വകാര്യ വ്യക്തിയുടെ പുരയിടം അനുമതിയില്ലാതെ പഞ്ചായത്തിന്റെ മാലിന്യ ശേഖരണ കേന്ദ്രമാക്കിയെന്ന് പരാതി.
മാലിന്യം സംഭരിക്കാനെന്ന പേരിൽ ഹരിതകർമ്മ സേനയുടെ ഒരു മിനി എം.സി.എഫ് സ്വകാര്യ വ്യക്തിയുടെ പറമ്പിലേയ്ക്കുള്ള റോഡിൽ അർദ്ധരാത്രി സ്ഥാപിക്കുകയും തുടർന്ന് വീടുകളിൽ നിന്ന് ഹരിത കർമസേന ശേഖരിക്കുന്ന മാലിന്യങ്ങൾ ഇതിനോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കൂട്ടിയിടുകയും ചെയ്യുന്നുവെന്ന് പറയുന്നു.
പറമ്പ് നോക്കാനെത്തിയ കളമശേരി സ്വദേശിയായ ഉടമസ്ഥൻ മാലിന്യ നിക്ഷേപം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തന്റെ പറമ്പിലേക്കുള്ള വഴിയിൽ തടസം സൃഷ്ടിക്കുന്ന മിനി എംസിഎഫ് അവിടെ നിന്നും മാറ്റി പറമ്പിൽ നിക്ഷേപിച്ച മാലിന്യം നീക്കം ചെയ്യുന്നതിന് പഞ്ചായത്ത് ഓഫീസിലും മലിനീകരണ നിയന്ത്രണ ബോർഡിലും ജില്ലാ കളക്ടർക്കും പരാതി നൽകിയിട്ടും ഇതുവരെ മാലിന്യം നീക്കാൻ തയാറായിട്ടില്ലെന്ന് പരാതിയിൽ പറയുന്നു.