പിഡബ്ല്യുഡി സമുച്ചയത്തിന്റെ സാങ്കേതിക അനുമതിയായി
1515934
Thursday, February 20, 2025 4:11 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ പിഡബ്ല്യുഡി സമുച്ചയത്തിന്റെ സാങ്കേതിക അനുമതി പൂർത്തിയാക്കി ടെൻഡർ നോട്ടീസ് പ്രസിദ്ധീകരിച്ചതായി മാത്യു കുഴൽനാടൻ എംഎൽഎ. മണ്ണ് പരിശോധന, ഘടന രൂപീകരണം ഉൾപ്പെടെയുള്ള വിവിധ സാങ്കേതിക നടപടിക്രമങ്ങൾ പാലിച്ചാണ് ടെൻഡർ നടപടികളിലേക്ക് കടന്നിരിക്കുന്നത്.
2022-23 സാന്പത്തിക വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തി അഞ്ചു കോടി രൂപയാണ് പിഡബ്ല്യുഡി കെട്ടിട സമുച്ചയത്തിനായി അനുമതി നേടിയത്. മൂവാറ്റുപുഴയിലെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന പിഡബ്ല്യുഡി ഓഫീസുകൾ എല്ലാം ഒരു കെട്ടിടത്തിലേക്ക് കൊണ്ടുവരികയും ഇതുമൂലം ജനങ്ങൾക്ക് വിവിധ ഇടങ്ങളിലായി കയറി ഇറങ്ങേണ്ട സാഹചര്യം ഒഴിവാക്കാനും സാധിക്കും.
കൂടാതെ പിഡബ്ല്യുഡി പ്രവർത്തികളുടെ ഏകോപനം വേഗത്തിലാക്കുകയും അതുവഴി പ്രവർത്തി നിർവഹണത്തിന്റെ കാലതാമസം ഒഴിവാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പിഡബ്ല്യുഡി സമുച്ചയം വിഭാവനം ചെയ്യുന്നത്.
ടെൻഡർ നടപടികൾ പൂർത്തിയാകുന്നതോടെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് ഉദ്യോഗസ്ഥരോട് എംഎൽഎ ആവശ്യപ്പെട്ടു.