മാലിന്യ കേന്ദ്രമായി കൊച്ചങ്ങാടി കടവ്
1515503
Wednesday, February 19, 2025 3:49 AM IST
മൂവാറ്റുപുഴ: നഗരത്തിലെ കൊച്ചങ്ങാടി കടവ് മാലിന്യ കേന്ദ്രമായി മാറി. കടവിലേക്ക് ഇറങ്ങുന്ന കൽപ്പടവുകൾ മുഴുവൻ മണ്ണുവന്ന് മൂടിയ നിലയിലാണ്. മണപ്പുറത്തിന് പകരം മണ്‍കൂനകൾ രൂപപ്പെട്ടിരിക്കുകയാണ്. ഇതിനുപുറമെ കടവിനോടു ചേർന്ന് മാലിന്യം തള്ളുന്നതും വ്യാപകമായി.
നഗരസഭ ഓഫീസിനു സമീപമുള്ള കടവ് ഒരുകാലത്ത് നൂറുകണക്കിനാളുകൾ ഉപയോഗിച്ചിരുന്നതാണ്. എല്ലാ കൽപ്പടവുകളിലും ചെളിയും മണ്ണും മൂടി ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. മണപ്പുറമുണ്ടായിരുന്നയിടം നശിക്കുകയാണ്. ഒരുഭാഗം കാടുകയറിയതോടെ ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി.
നൂറുകണക്കിനാളുകൾ കുളിക്കാനും നീന്തൽ പരിശീലനത്തിനുമൊക്കെ എത്തുന്ന മൂവാറ്റുപുഴയാറിലെ പ്രധാന കടവുകളൊക്കെ ഇപ്പോൾ നാശത്തിന്റെ വക്കിലാണ്. കിഴക്കേക്കര കടവ്, തൊണ്ടിക്കടവ്, പേട്ടക്കടവ് തുടങ്ങിയവയുടെയും അവസ്ഥ വിഭിന്നമല്ല. നേരത്തേ കടവുകൾ നഗരസഭ അധികൃതർ വർഷത്തിലൊരിക്കൽ കാടുവെട്ടി ചെളി നീക്കം ചെയ്തിരുന്നു.
എന്നാൽ ഇപ്പോൾ ഇതൊന്നും നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കടവ് ഉപയോഗിക്കാതായതോടെ സമീപത്ത് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളടക്കം മാലിന്യം തള്ളുന്ന സ്ഥലമായി കുളിക്കടവുകൾ മാറിയിരിക്കുകയാണ്.