പാതിവില തട്ടിപ്പ് : അനന്തു കൃഷ്ണൻ റിമാൻഡിൽ തുടരും
1515939
Thursday, February 20, 2025 4:24 AM IST
മൂവാറ്റുപുഴ: പകുതി വിലക്ക് ഇരുചക്രവാഹനങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ അറസ്റ്റിലായ പ്രതി അനന്തു കൃഷ്ണനെ ക്രൈംബ്രാഞ്ച് കസ്റ്റഡി കാലാവധിക്ക് ശേഷം കോടതിയിൽ ഹാജരാക്കി. പ്രതി റിമാൻഡിൽ തുടരും.
തിങ്കളാഴ്ച മുതൽ രണ്ട് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡി കാലാവധിക്ക് ശേഷമാണ് അനന്തുകൃഷ്ണനെ ബുധനാഴ്ച മൂവാറ്റുപുഴ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. ഈ മാസം 28 വരെയാണ് അനന്തു കൃഷ്ണൻ മൂവാറ്റുപുഴ സ്പെഷൽ സബ് ജയിലിൽ റിമാൻഡിൽ തുടരുന്നത്.
അന്വേഷണത്തിന്റെ ഭാഗമായുള്ള പ്രാഥമിക വിവരങ്ങളെല്ലാം ക്രൈംബ്രാഞ്ച് ശേഖരിച്ചിച്ചുണ്ട്. അനന്തു കൃഷ്ണനെ കൊച്ചിയിലെ ഓഫീസിലടക്കം എത്തിച്ച് തെളിവെടുപ്പും നടത്തിയിരുന്നു.
കസ്റ്റഡി കാലാവധി അവസാനിച്ച അനന്തു കൃഷ്ണനെ കൂടുതൽ ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് കോടതിയിൽ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടില്ല. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് കൃത്യമായ വിവരങ്ങൾ നൽകിയിട്ടുണ്ടെന്നും കൂടുതലൊന്നും ഇക്കാര്യത്തിൽ പ്രതികരിക്കാനില്ലെന്നും കോടതിയിൽ ഹാജരാക്കാനെത്തിച്ചപ്പോൾ അനന്തു കൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ അനന്തുവിനെ മൂവാറ്റുപുഴ സ്പെഷൽ സബ് ജയിലിലേക്ക് മാറ്റി.