വാഹനാപകടത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥ മരിച്ചു
1515815
Thursday, February 20, 2025 12:43 AM IST
കളമശേരി: എച്ച്എംടി കവലയിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികയായ കെഎസ്ഇബി ഉദ്യോഗസ്ഥ മരിച്ചു. ആലുവ കുഴിവേലിപ്പടി കരിയാമ്പുറത്ത് തേക്കിലക്കാട്ടിൽ വി.എം. മീന (52)യാണ് മരിച്ചത്. എറണാകുളം ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ ഓഫീസിൽ സീനിയർ സൂപ്രണ്ടാണ്.
ഇന്നലെ വൈകിട്ട് 5.45 ഓടെയായിരുന്നു അപകടം. ജോലികഴിഞ്ഞ് എച്ച്എംടി റോഡിലൂടെ വീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു മീന. ഇവിടെ റോഡിൽ പോലീസിന്റെ വാഹന പരിശോധന കണ്ട് വാഹനം അൽപം വലതുവശത്തേക്ക് നീക്കിയപ്പോൾ, അതേ ദിശയിലെത്തിയ ഗ്യാസ് സിലിണ്ടറുകൾ കയറ്റിയ ലോറി തട്ടുകയായിരുന്നു. അപകടത്തെ തുടർന്ന് സ്കൂട്ടറിനൊപ്പം മറിഞ്ഞു വീണ മീനയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. അപകട സ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചു. മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി സൂക്ഷിച്ചിരിക്കുന്നു. ഭർത്താവ്: സുനിൽകുമാർ (റിട്ടയേഡ് സീനിയർ സൂപ്രണ്ട് ഡിഇഒ ഓഫീസ്). മക്കൾ: ഹരി ശങ്കർ, ജയശങ്കർ.