ഇലക്ട്രിക് ലൈനിൽനിന്ന് വൈദ്യുതി ഉപയോഗിച്ച് മീന്‍പിടിത്തം; സാമഗ്രികള്‍ ഉപേക്ഷിച്ച നിലയില്‍
1515506
Wednesday, February 19, 2025 3:49 AM IST
കോതമംഗലം: മാമലക്കണ്ടത്ത് ഇലക്ട്രിക് ലൈനിൽനിന്ന് വൈദ്യുതി ഉപയോഗിച്ച് മീന്‍പിടിക്കാനായി ഉപയോഗിച്ച സാമഗ്രികള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തോട്ടിലെ വെള്ളത്തില്‍ ആരെങ്കിലും ഇറങ്ങിയാൽ ജീവാപായം സംഭവിക്കുന്ന നിലയിലായിരുന്നു ഇവ കിടന്നിരുന്നത്. ഇലക്ട്രിക് ലൈനില്‍നിന്ന് നേരിട്ട് വയര്‍ വലിച്ച് ഈറ്റകമ്പില് കെട്ടിയ ഇരുമ്പുകമ്പിയുമായി ബന്ധിച്ച് തോട്ടിലേക്ക് മറ്റൊരു കമ്പില്‍ കമ്പികെട്ടി ഇട്ട നിലയിലായിരുന്നു കിടന്നിരുന്നത്.
മാമലക്കണ്ടം റേഷന്‍കട പടിക്ക് പിന്നില്‍ ഉരുളക്കുഴി തോട്ടിലാണ് സംഭവം. ഈ സമയം ആരും തോട്ടില്‍ ഇറങ്ങാതിരുന്നതിനാൽ ജീവാപായം സംഭവിച്ചില്ല. പ്രദേശവാസികള്‍ കുളിക്കാന്‍ എത്തുന്ന സ്ഥലത്ത് ധാരാളം വിനോദസഞ്ചാരികളും വരാറുണ്ട്. ഇന്നലെ രാവിലെ ഇതുവഴി വന്ന പ്രദേശവാസിയാണ് സംഭവം കെഎസ്ഇബി അധികൃതരെ അറിയിച്ചത്.
രാവിലെ 10ഓടെ പ്രദേശത്ത് വൈദ്യുതിയും നിലച്ചിരുന്നു. കെഎസ്ഇബി ജീവനക്കാരെത്തി പരിശോധിച്ചപ്പോഴാണ് വൈദ്യുത ലൈനില്‍നിന്ന് 50 മീറ്ററോളം നീളത്തില്‍ വയര്‍ വലിച്ച് ഈറ്റത്തോട്ടിയില് കെട്ടി തോട്ടില്‍ ഇട്ടിരിക്കുന്നതായി കണ്ടത്.
രാത്രിയില്‍ ആരോ മീന്‍പിടിക്കാന്‍ വേണ്ടി ശ്രമം നടത്തി ഉപേക്ഷിച്ച് പോയതാണെന്നാണ് നിഗമനം. കെഎസ്ഇബി ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ ട്രാന്‍സ്ഫോര്‍മറിലെ ഫ്യൂസ് പോയതാണ് പ്രദേശത്തെ വൈദ്യുതി നിലയ്ക്കാന്‍ കാരണം. വൈദ്യുതി നിലച്ചതുമൂലം വലിയ ദുരന്തമാണ് ഒഴിവായത്. കുട്ടമ്പുഴ പോലീസില്‍ വിവരം അറിയിച്ചിട്ടുണ്ട്.