‘വന്യമൃഗ ആക്രമണം: കാലാനുസൃത നിയമ നിർമാണം നടത്തണം’
1515508
Wednesday, February 19, 2025 3:49 AM IST
കോതമംഗലം: വന്യമൃഗ ആക്രമണങ്ങളിൽനിന്ന് ജനങ്ങളെ സംരക്ഷിക്കാൻ കാലഘട്ടത്തിന് അനുസൃതമായ നിയമ നിർമാണം നടത്തണമെന്ന് ഡീൻ കുര്യാക്കോസ് എംപി. വന്യമൃഗ ആക്രമണങ്ങളിൽനിന്ന് ജനങ്ങളെ സംരക്ഷിക്കാത്ത ഇടതുസർക്കാരിനും സ്ഥലം എംഎൽഎയ്ക്കുമെതിരെ കോണ്ഗ്രസ് കോതമംഗലം - കവളങ്ങാട് ബ്ലോക്ക് പ്രസിഡന്റുമാരായ ഷമീർ പനയ്ക്കൽ, ബാബു ഏലിയാസ് എന്നിവർ നയിക്കുന്ന ജനസംരക്ഷണ യാത്രയുടെ ആദ്യദിന പര്യടനം ഉദ്ഘാടനം കോട്ടപ്പടി പ്ലാമുടിയിൽ നിർവഹിക്കുകയായിരുന്നു എംപി.
വന്യ ജീവികളുടെ എണ്ണം വർധിക്കുകയും അവയുടെ ആവാസ വ്യവസ്ഥിതി ചുരുങ്ങുകയും ചെയ്യുന്ന വർത്തമാന കാലത്ത് പരിഷ്കൃത രാജ്യങ്ങൾ പുരോഗമനപരമായ നിയമ നിർമാണം നടത്തി മാതൃകയാവുകയാണെന്ന് എംപി ചൂണ്ടികാട്ടി. നിലവിലുള്ള നിയമങ്ങൾകൊണ്ട് കർഷകർക്ക് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും സംസ്ഥാന സർക്കാർ അട്ടിമറിക്കുകയാണെന്നും ഡീൻ കൂട്ടിച്ചേർത്തു.
കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയിൽനിന്ന് ആരംഭിച്ച് രണ്ടു ദിവസം മണ്ഡലത്തിൽ പര്യടനം നടത്തുന്ന സമരയാത്രയുടെ ആദ്യ ദിവസം വിവിധ സ്വീകരണ യോഗങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. കോണ്ഗ്രസ് കോട്ടപ്പടി മണ്ഡലം പ്രസിഡന്റ് സുരേഷ് കണ്ണോത്തുകുടി അധ്യക്ഷത വഹിച്ചു.
കോട്ടപ്പടി, പിണ്ടിമന, കീരംപാറ, കുട്ടന്പുഴ പഞ്ചായത്തുകളിലും കോതമംഗലം നഗരസഭ എന്നിവടങ്ങളിലെ പര്യടനത്തിന് ശേഷം നെല്ലിക്കുഴി പഞ്ചായത്തിലെ ചെറുവട്ടൂരിൽ ആദ്യദിന യാത്ര സമാപിച്ചു. സമാപന സമ്മേളനം എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി സോയ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.