അധ്യാപക പരിശീലന ശിൽപ്പശാല തുടങ്ങി
1515932
Thursday, February 20, 2025 4:11 AM IST
പിറവം: ഓണക്കൂർ ചിൻമയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയിൽ അധ്യാപക പരിശീലന ശിൽപ്പശാലയ്ക്ക് തുടക്കമായി. എൻജിനീയേഴ്സ് മെറ്റീരിയൽസ് ഫോർ മൾട്ടിഡിസിപ്ലിനറി ആപ്ലിക്കേഷൻസ് എന്ന വിഷയത്തെ അടിസ്ഥാനമാക്കി എഐസിടിഇയുടെ സഹകരണത്തോടെയാണ് ശിൽപ്പശാല.
ചിൻമയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ നേതൃത്വത്തിലാണ് ശിൽപ്പശാല. ഗവേഷണ കേന്ദ്രീകൃതമായ പുതിയ പഠനാനുഭവം പകർന്ന് നൽകുക എന്നതാണ് ആറ് ദിവസത്തെ ശിൽപ്പശാലയുടെ പ്രധാന ലക്ഷ്യം.
ശിൽപ്പശാലയുടെ ഉദ്ഘാടനം എം.ജി സർവകലാശാല സ്കൂൾ ഓഫ് നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി ഡയറക്ടർ പ്രഫ. സാബു തോമസ് നിർവഹിച്ചു. ബംഗളൂരുവിലെ മോളിക്യൂൾസ് ബയോലാബ് ഡയറക്ടർ ഡോ.ശ്രീരാജ് ഗോപി മുഖ്യപ്രഭാഷണം നടത്തി.
ചിൻമയ വൈസ് ചാൻസലർ പ്രഫ. അജയ് കപൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. രജിസ്ട്രാർ പ്രഫ. ടി.അശോകൻ, ഡീൻ പ്രഫ. സുനിത ഗാന്ധി എന്നിവർ പ്രസംഗിച്ചു.
ഡോ. കെ.എം. പ്രവീണ്‍ സ്വാഗതവും അസിസ്റ്റന്റ് പ്രഫ. അതുൽ രവി നന്ദിയും പറഞ്ഞു. സർവകലാശാലയുടെ ഓണക്കൂറിലെ ലളിതപ്രതിഷ്ഠാനിൽ നടക്കുന്ന ശിൽപ്പശാല ശനിയാഴ്ച സമാപിക്കും.