കൂത്താട്ടുകുളം നഗരസഭയിൽ വികസനം വാഗ്ദാനങ്ങളിൽ മാത്രമെന്ന്
1515501
Wednesday, February 19, 2025 3:49 AM IST
കൂത്താട്ടുകുളം: ഭരണത്തിലേറി നാലു വർഷം പിന്നിട്ടിട്ടും കൂത്താട്ടുകുളം നഗരസഭയിൽ വാഗ്ദാനങ്ങളിൽ മാത്രം ഊന്നിയ വികസനമാണ് നടക്കുന്നതെന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് പ്രിൻസ് പോൾ ജോണ്‍ പത്രസമ്മേളനത്തിൽ ആരോപിച്ചു.
ചെയർപേഴ്സണ്‍ന്റെ ഔദ്യോഗിക വാഹനം വനിതാ നഗരസഭാംഗത്തെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചിട്ടും വാഹനത്തിന്റെ സൂക്ഷിപ്പ് ചുമതലയുള്ളവർക്കെതിരെ ഒരു നടപടിയും ഇതേവരെ എടുത്തിട്ടില്ല. ഉത്തരവാദികളോട് നഗരസഭ വിശദീകരണം ചോദിച്ചിട്ടുമില്ല.
ഒരു മാസത്തോളം പോലീസ് കസ്റ്റഡിയിൽ ഇരുന്ന വാഹനം കോടതി മുഖേനയാണ് നഗരസഭയ്ക്ക് വിട്ടുകിട്ടിയത്. വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെ വന്നതിനെതുടർന്നാണ് കാലതാമസം ഉണ്ടായതെന്നാണ് അറിയാൻ കഴിഞ്ഞത്. നഗരസഭയുടെ ഭരണ കാലയളവിൽ 320 വീടുകൾ പിഎംഎവൈ പ്രകാരം നൽകിയെന്ന വൈസ് പ്രസിഡന്റിന്റെ പ്രഖ്യാപനം തെറ്റാണ്. 2010ൽ യുഡിഎഫിന്റെ ഭരണകാലത്ത് 235 പേർക്ക് വീട് നൽകിയിരുന്നു.
ഈ ഭരണസമിതിയുടെ കാലത്ത് 50 ൽ കൂടുതൽ വീടുകൾ നൽകിയിട്ടില്ലെന്നും തെറ്റായ പൊള്ളയായ പ്രഖ്യാപനമാണ് നടത്തിയിട്ടുള്ളതെന്നും യുഡിഎഫിന്റെ കാലത്ത് നൽകിയ വീടുകളുടെ കണക്കും ഇതോടൊപ്പം ചേർത്താണ് 320 വീടിന്റെ പ്രഖ്യാപനം നടത്തിയിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
ബ്ലോക്ക് പ്രസിഡന്റ് പി.സി. ജോസ്, മണ്ഡലം പ്രസിഡന്റ് റെജി ജോണ്‍, നഗരസഭാംഗങ്ങളായ സിബി ജോർജ്, ബേബി കീരാന്തടം, സി.എ. തങ്കച്ചൻ, ലിസി ജോസ്, ജോണ്‍ ഏബ്രഹാം, മരിയ ഗോരേത്തി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.