ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങളായിട്ടും ഷോപ്പിംഗ് മാളുകൾ തുറക്കുന്നില്ല; റീത്തുവച്ച് യുഡിഎഫ് പ്രതിഷേധം
1515489
Wednesday, February 19, 2025 3:29 AM IST
തൃപ്പൂണിത്തുറ: കോടികൾ ചെലവിട്ട് തൃപ്പൂണിത്തുറ നഗരസഭ നിർമിച്ച കണ്ണൻകുളങ്ങരയിലെയും പോളക്കുളത്തെയും ഷോപ്പിംഗ് മാളുകൾ തുറന്നു കൊടുക്കാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ട് മാളുകളുടെയും മുന്നിൽ റീത്ത് വച്ച് പ്രതിഷേധിച്ചു.
മുനിസിപ്പൽ ഓഫീസിന് മുന്നിൽ നിന്ന് പ്രവർത്തകർ പ്രകടനമായി നടത്തിയ ജാഥ കെപിസിസി. മുൻ ജനറൽ സെക്രട്ടറി എൻ.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പോളക്കുളം മാളിന് മുന്നിൽ ഡിസിസി ജനറൽ സെക്രട്ടറി രാജു പി. നായരും കണ്ണൻകുളങ്ങരയിലെ ടി.കെ. രാമകൃഷ്ണൻ ഷോപ്പിംഗ് മാളിന് മുന്നിൽ ഡിഡിസി ജനറൽ സെക്രട്ടറി സി.എ.ഷാജിയും റീത്ത് വച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം മുൻ നഗരസഭാ ചെയർമാൻ ആർ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
കെ.ബി. മുഹമ്മദ് കുട്ടി മാസ്റ്റർ, പി.സി. പോൾ, കെ.വി. സാജു, സി. വിനോദ്, രാജു ഇരുമ്പനം, ശ്രീലത മധുസൂദനൻ, കെ. കേശവൻ, പി.എം. ബോബൻ, കൗൺസിലർമാരായ പി.ബി. സതീശൻ, ഡി. അർജുനൻ തുടങ്ങിയവർ പ്രസംഗിച്ചു.
2013 ൽ നിർമാണമാരംഭിച്ച രണ്ട് മാളുകളും 2020ൽ തദ്ദേശ സ്വയം ഭരണമന്ത്രിയായിരുന്ന എ.സി. മൊയ്തീനാണ് ഉദ്ഘാനം ചെയ്തത്.
14 കോടി രൂപ ചിലവിൽ നിർമിച്ച കണ്ണൻകുളങ്ങര മാളിൽ രണ്ട് മൾട്ടി പ്ലക്സ് തിയറ്ററുൾപ്പെടെ എഴുപത് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങളുണ്ട്. എട്ടു കോടി രൂപ ചെലവിലാണ് പോളക്കുളത്തെ മാൾ നിർമിച്ചിരിക്കുന്നത്. രണ്ട് മാളുകളും ഉദ്ഘാടനത്തിന് ശേഷം അടഞ്ഞുകിടക്കുകയാണ്.