വാട്ടർ മെട്രോ കുതിക്കും; വരുന്നൂ, 15 ബോട്ടുകളും മെയിന്റനൻസ് യാർഡും
1515339
Tuesday, February 18, 2025 3:30 AM IST
കൊച്ചി: കൊച്ചിയുടെ ഗതഗാത മേഖലയിൽ ചരിത്രപരമായ മുന്നേറ്റത്തിന്റെ ജലപാതയൊരുക്കിയ വാട്ടർ മെട്രോ സേവനം വിപുലമാക്കാൻ പുതിയ പദ്ധതികൾ. ബോട്ടുകളുടെ അറ്റകുറ്റപ്പണികൾക്കായുള്ള യാർഡും കൂടുതൽ ബോട്ടുകളും പുതിയ ടെർമിനലുകളും വൈകാതെ യാഥാർഥ്യമാകും.
വല്ലാർപാടത്ത് സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള അഞ്ചേക്കർ ഭൂമിയിൽ വാട്ടർ മെട്രോ ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ നടത്താനുള്ള യാർഡ് നിർമിക്കുന്നതിന് തത്വത്തിൽ ധാരണയായി. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങളിലേക്കു കെഎംആർഎൽ കടന്നിട്ടുണ്ട്. വിവിധ തലങ്ങളിലുള്ള അനുമതി കൂടി ലഭിച്ചാൽ, യാർഡിന്റെ നിർമാണം 2025ൽ തന്നെ തുടങ്ങുന്നതിനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്.
കൂടുതൽ പ്രദേശങ്ങളിലേക്കു സർവീസ് നീട്ടുന്പോൾ ബോട്ടുകളുടെ എണ്ണം കൂട്ടേണ്ടിവരും. സർവീസുകളുടെ കാര്യക്ഷമമായ നടത്തിപ്പിന് മെയിന്റനൻസ് യാർഡ് ആവശ്യമാണെന്ന വിലയിരുത്തലിൽ, നേരത്തെ തന്നെ ഇതിനായി സ്ഥലം കണ്ടെത്താനുള്ള ശ്രമം കെഎംആർഎൽ തുടങ്ങിയിരുന്നു. വാട്ടർ മെട്രോയ്ക്ക് മെയിന്റനൻസ് യാർഡ് അത്യാവശ്യമാണെന്നു കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
കാക്കനാട് കിൻഫ്ര പാർക്കിന് സമീപം മെയിന്റനൻസ് യാർഡ് നിർമിക്കാൻ നേരത്തെ ആലോചിച്ചിരുന്നെങ്കിലും പ്രായോഗിക തടസങ്ങൾമൂലം ഉപേക്ഷിക്കുകയായിരുന്നു. തുടർന്നാണു വല്ലാർപാടത്തെ സർക്കാർ ഭൂമി ഇതിനായി കണ്ടെത്തിയത്. വിശാലകൊച്ചിയിലെ പത്ത് ദ്വീപുകളിലായി 38 ടെര്മിനലുകളും ഇവയെ ബന്ധിപ്പിക്കുന്ന വാട്ടർ മെട്രോ ബോട്ട് സർവീസുകളുമാണ് കെഎംആർഎൽ വിഭാവനം ചെയ്തിട്ടുള്ളത്. 2023 ഏപ്രിലിൽ ആരംഭിച്ച കൊച്ചി വാട്ടർ മെട്രോ സർവീസുകളിൽ ഒന്നര വർഷം കൊണ്ടു 20 ലക്ഷത്തോളം പേർ യാത്ര ചെയ്തുവെന്നാണു കണക്ക്.
പുതിയ ബോട്ടുകൾ ഉടൻ
നിലവിൽ 17 എസി ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകളുള്ള വാട്ടർ മെട്രോ, പുതിയ റൂട്ടുകളിലേക്കു സർവീസ് തുടങ്ങുന്നതിന്റെ ഭാഗമായി 15 ബോട്ടുകൾ കൂടി വാങ്ങും. ഇതിന്റെ പ്രാരംഭ നടപടികൾക്കു തുടക്കമായി.
ഹൈക്കോടതി, വൈപ്പിൻ, വൈറ്റില, കാക്കനാട്, ബോൾഗാട്ടി, ഫോർട്ട് കൊച്ചി, സൗത്ത് ചിറ്റൂർ, ചേരാനെല്ലൂർ, ഏലൂർ എന്നിവിടങ്ങളിലാണ് വാട്ടർ മെട്രോയ്ക്ക് ടെർമിനലുകൾ നിലവിലുള്ളത്.
മട്ടാഞ്ചേരിയിലും വെല്ലിംഗ്ടൺ ഐലൻഡിലും പുതിയ ടെർമിനലുകൾ വൈകാതെ വരും. ഇതോടുബന്ധിച്ചു സർവീസ് കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണു 17 ബോട്ടുകൾ കൂടി എത്തിക്കുന്നത്.