മിഹിറിന്റെ മരണം: സ്കൂൾ അധികൃതരുടെ മൊഴിയിൽ വ്യക്തതയില്ല: വിദ്യാഭ്യാസ ഡയറക്ടർ
1511012
Tuesday, February 4, 2025 6:50 AM IST
കാക്കനാട്: തൃപ്പൂണിത്തുറയിലെ ഫ്ലാറ്റ് സമുച്ചയത്തിന്റെ 26-ാം നിലയിൽനിന്നു ചാടി ജീവനൊടുക്കിയ ഗ്ലോബൽ പബ്ലിക് സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥി മിഹിറിന്റെ മരണവുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതരുടെ മൊഴിയിൽ വ്യക്തതയില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ.
കുട്ടിയുടെ രക്ഷിതാക്കളിൽനിന്നും മിഹിർ പഠിച്ചിരുന്ന ജെംസ്, ഗ്ലോബൽ സ്കൂൾ അധികൃതരിൽനിന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്. ഷാനവാസ് ഇന്നലെ മൊഴിയെടുത്തു. ഇന്നലെ രാവിലെ 11 മുതൽ വിവിധ ഘട്ടങ്ങളിലായി നടന്ന മൊഴിയെടുക്കൽ വൈകുന്നേരം അഞ്ചു വരെ തുടർന്നു.
പഠനത്തിലും കായികരംഗത്തും മികവു പുലർത്തിയിരുന്ന കുട്ടിയുടെ മരണത്തിനു പ്രധാന കാരണമായത് ജെംസ്, ഗ്ലോബൽ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് കുട്ടിയുടെ രക്ഷിതാക്കൾ മൊഴി നൽകി. മാധ്യമ പ്രവർത്തകരോടും രക്ഷിതാക്കൾ ഇക്കാര്യം പറഞ്ഞിരുന്നു. ജെംസ് സ്കൂൾ അധികൃതർ കുട്ടിയെ മാനസികമായി പീഡിപ്പിച്ചതായും രക്ഷിതാക്കൾ ആരോപിച്ചതായാണ് അറിയുന്നത്.
കുട്ടി ആദ്യം പഠിച്ച ജെംസ് സ്കൂളിൽ വച്ച് സീനിയർ വിദ്യാർഥികളിൽ നിന്നും സ്കൂൾ വൈസ് പ്രിൻസിപ്പലിൽ നിന്നും കുട്ടിക്ക് മാനസിക പീഡനമേറ്റതായും സൂചനയുണ്ട്. പ്രത്യേക മുറിയിൽ തനിച്ച് ഇരുത്തുകയും കുട്ടി ടോയ്ലെറ്റിൽ പോകുമ്പോൾ പോലും നിരീക്ഷിക്കാൻ സ്കൂൾ അധികൃതർ ആളെ നിയോഗിച്ചുവെന്നും ഇതും കുട്ടിയെ മാനസിക സമ്മർദത്തിലാക്കിയെന്നുമാണ് രക്ഷിതാക്കൾ പറയുന്നത്.
യാതൊരു കുറ്റവും ചെയ്യാതിരുന്ന മിഹിറിനെ അകാരണമായി സസ്പെൻഡ് ചെയ്യുകയും ശിക്ഷാകാലാവധി കഴിഞ്ഞ് സ്കൂളിലെത്തിയപ്പോൾ പഠനസമയത്ത് പ്രത്യേകം മുറിയിൽ തനിച്ചിരുത്തിയതും ഒറ്റയ്ക്കിരുത്തി പരീക്ഷയെഴുതിച്ചതും കുട്ടിയിലുണ്ടാക്കിയ മാനസിക സമ്മർദമാണ് ഗ്ലോബൽ സ്കൂളിലേക്ക് മാറ്റി പഠിപ്പിക്കാനുള്ള തീരുമാനത്തിനു പിന്നിലെന്നും രക്ഷിതാക്കൾ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു നൽകിയ മൊഴിയിൽ പറയുന്നു.
രണ്ടാമത് ചേർന്ന ഗ്ലോബൽ സ്കൂളിലും സീനിയർ വിദ്യാർഥികളിൽ നിന്ന് മിഹിറിന് തുടർച്ചയായി ശാരീരിക മാനസിക പീഡനം ഏൽക്കേണ്ടി വന്നതോടെ കുട്ടി കൂടുതൽ സമ്മർദത്തിലാവുകയായിരുന്നു. വീണ്ടും സ്കൂൾ മാറാൻ കഴിയാത്തതിനാൽ കാര്യങ്ങൾ രക്ഷിതാക്കളെ അറിയിക്കാൻ മിഹിർ തയാറായില്ല. സ്കൂൾ ബസിലടക്കം ശാരീരിക പീഡനം ഏൽക്കേണ്ടി വന്ന സാഹചര്യത്തിലാണ് ആത്മഹത്യ ചെയ്തെതെന്നാണ് രക്ഷിതാക്കൾ പറയുന്നത്. അതേസമയം കുട്ടി റാഗിംഗിന് ഇരയായതായി സംശയമുണ്ടോ എന്ന ചോദ്യത്തിന് രക്ഷിതാക്കൾ വ്യക്തമായ മറുപടി നൽകിയിട്ടില്ല.