വിവാദത്തിലായ സ്കൂളുകൾക്ക് സർക്കാർ എൻഒസി ഇല്ല
1511008
Tuesday, February 4, 2025 6:50 AM IST
കാക്കനാട്: ഒൻപതാം ക്ലാസ് വിദ്യാർഥി മിഹിർ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റ് സമുച്ചയത്തിൽനിന്നു ചാടി മരിച്ച സംഭവം അന്വേഷിച്ച് ഇരുസ്കൂൾ അധികൃതരുടെയും മിഹിറിന്റെ മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്താനെത്തിയ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്. ഷാനവാസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ.
ഇൻഫോപാർക്ക് സെക്കൻഡ് സ്പേസിനു സമീപം പ്രവർത്തിക്കുന്ന ജെംസ് സ്കൂളിനും ചോറ്റാനിക്കരയ്ക്കു സമീപം തിരുവാണിയൂരിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ പബ്ലിക് സ്കൂളിനും സർക്കാരിന്റെ എൻഒസിയില്ലെന്ന് വ്യക്തമായി.
ആയിരത്തിലേറെ കുട്ടികൾ പഠിക്കുന്ന സ്കൂളുകളാണിവ. എൻഒസി ഹാജരാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടെങ്കിലും സ്കൂൾ അധികൃതർ ഇവ ഹാജരാക്കിയില്ല. മിഹിർ ആദ്യം പഠിച്ച ജെംസ് സ്കൂളിലെ അധ്യാപകർക്കും സസ്പെൻഡ് ചെയ്യപ്പെട്ട വൈസ് പ്രിൻസിപ്പലിനും വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ലെന്നും പരിശോധനയിൽ ബോധ്യപ്പെട്ടതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
എംബിഐ, ബിടെക്, ഫുഡ് ടെക്നോളജി എന്നിവ മാത്രം പാസായവരാണ് അധ്യാപകരിൽ പലരും. ബിഎഡ് ബിരുദമുണ്ടെന്ന് അവകാശപ്പെട്ട അധ്യാപകന്റെ സർട്ടിഫിക്കറ്റ് സംസ്ഥാനത്തിനു പുറത്തുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്. മിഹിറിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കൊന്നും വ്യക്തതയില്ലാത്ത മറുപടിയാണ് ജെംസ്, ഗ്ലോബൽ സ്കൂൾ അധികൃതർ നൽകിയത്.
കുട്ടികളുടെ പഠനത്തെ ബാധിക്കാത്തവിധം സ്കൂളുകൾക്കെതിരെ നടപടിയെടുക്കും
സംസ്ഥാന സർക്കാരിന്റെയോ, പൊതുവിദ്യാഭ്യാസ വകുപ്പിന്റെയോ, അനുമതിപത്രങ്ങളൊന്നുമില്ലാതെ വിദേശ സ്കൂളുകളുടെയും യൂണിവേഴ്സിറ്റികളുടെയും അഫിലിയേഷനുണ്ടെന്ന് അവകാശപ്പെട്ട് പ്ലസ്ടു തലംവരെയുള്ള വിദ്യാർത്ഥികളെ പഠിപ്പിച്ചു വന്ന വിവാദ സ്കൂളുകളുടെ പ്രവർത്തനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇക്കാര്യത്തിൽ 10 വർഷം മുമ്പുള്ള ഹൈക്കോടതിയുടെ വിധി പരിശോധിച്ച് സർക്കാർ നിർദേശപ്രകാരം നടപടികൾ സ്വീകരിക്കുമെന്നും ഇക്കാര്യം വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്. ഷാനവാസ് പറഞ്ഞു.
വിദ്യാർഥികൾക്ക് കൗൺസിലിംഗ് നൽകും
വിവാദത്തിൽപ്പെട്ട സ്കൂളുകളിലെ വിദ്യാർഥികളെ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കൗൺസിലർമാരെത്തി സാന്ത്വനിപ്പിക്കുമെന്നും ഇക്കാര്യത്തിൽ മൊഴി നൽകാൻ താല്പര്യമുള്ള കുട്ടികളുടെ വീടുകളിലെത്തി മൊഴി രേഖപ്പെടുത്തുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അറിയിച്ചു.