ആലുവ-അങ്കമാലി ദേശീയപാതയിൽ കാൽനടയാത്രക്കാർക്ക് ദുരിതം
1510775
Monday, February 3, 2025 7:05 AM IST
നെടുമ്പാശേരി : ദേശീയ പാതയോരത്തെ കാൽനട യാത്ര ദുസഹമാകുന്നു. ആലുവ-അങ്കമാലി ദേശീയപാതയിൽ നെടുമ്പാശേരി പോസ്റ്റോഫീസ് ജംഗ്ഷൻ മുതൽ അത്താണി ജംഗ്ഷൻ വരെയുള്ള ഭാഗത്ത് പടിഞ്ഞാറു വശം കൂടിയുള്ള യാത്രയാണ് ദുഷ്കരമായിരിക്കുന്നത്.
നിരവധി യാത്രക്കാരാണ് ദിനംപ്രതി ഇതുവഴി സഞ്ചരിക്കുന്നത്. റോഡിന്റെ വശങ്ങളിൽ നിറയെ കുണ്ടും കുഴികളും മുഴച്ച് നിൽക്കുന്ന കല്ലുകളുമാണ്. ഇതിലൂടെ നടന്നു പോകാൻ കഴിയുന്നില്ലെന്ന് കാൽനടയാത്രക്കാർ ഏറെക്കാലമായി അധികാരികളോട് പരാതി പറയുന്നു.
ജനവാസ മേഖലയായ ഐശ്വര്യ നഗറും നിരവധി ഭക്തരെത്തുന്ന നെടുമ്പാശേരി ദുർഗാഭഗവതി ക്ഷേത്രവും ഇവിടെയാണ്. ദേശീയപാത നാലുവരി പാതയാക്കിയപ്പോൾ ഈ ഭാഗത്ത് പഴയ റോഡിലൂടെ ബൈപ്പാസ് വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. പക്ഷെ അധികൃതർ ഈ ആവശ്യം ഇതുവരെ ചെവികൊണ്ടിട്ടില്ലെന്ന് മാത്രമല്ല കല്ലും കുണ്ടും കുഴിയുമില്ലാത്ത ഒരു നടപ്പാത പോലും ശരിയാക്കി നൽകിയിട്ടില്ല.
ദേശീയപാതയിൽ ടാറിംഗിനിടെ രൂപപ്പെട്ട മുഴകളും കുഴികളും നിരപ്പാക്കി ഇപ്പോൾ അറ്റകുറ്റപണികൾ നടത്തുന്നുണ്ട്. യാത്രയ്ക്കിടെ ഏറെ അപകടങ്ങൾ ഉണ്ടാക്കിയ മുഴയും കുഴികളും നിരപ്പാക്കണമെന്ന് യാത്രക്കാർക്ക് കാലങ്ങളായി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇപ്പോഴാണ് ഈ പണികൾ നടക്കുന്നത്. ദേശീയപാതയിൽ ടാറിംഗ് നടത്തുമ്പോൾ റോഡിന് ഇനിയും ഉയരം കൂടുന്നതോടെ വശങ്ങളിൽ താഴ്ച്ചയും കൂടും.
ഇത് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടാൻ വഴിയൊരുക്കുമെന്നും നാട്ടുകാർ പറയുന്നു. ഈ ഉയര വ്യത്യാസം ഇല്ലാതാക്കാൻ ഈ ഭാഗം നിരപ്പാക്കാൻ പോലും അധികൃതർ തയാറാകുന്നില്ല. ദേശീയപാതയിൽ നെടുമ്പാശേരി പോസ്റ്റോഫീസ് ജംഗ്ഷനും അസീസി ജംഗ്ഷനും മധ്യേ പടിഞ്ഞാറ് ഭാഗത്താണ് ഇത്തരത്തിലുള്ള താഴ്ച ഏറ്റവും കൂടുതലായിട്ടുള്ളത്. കുറുന്തലക്കോട് ചിറകഴിഞ്ഞുള്ള ഭാഗത്താണ് കൂടുതൽ പ്രശ്നം. ദേശീയപാതയിൽ നിന്ന് നെടുമ്പാശേരി ശ്രീദുർഗാദേവി ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിന് ഏകദേശം മൂന്നര അടിയോളം താഴ്ചയുണ്ട്.
ദേശീയപാതയിൽ നിന്ന് ഈ ഭാഗത്തേക്ക് വാഹനങ്ങൾ ഇറങ്ങാൻ ശ്രമിച്ചാൽ നിയന്ത്രണം തെറ്റി കുഴിയിൽ വീഴുന്ന അവസ്ഥയാണ്. പാതയോരത്തെ കല്ലിൽ തട്ടി സ്കൂളിലും, ബസ് സ്റ്റോപ്പുകളിലേക്കും വരുന്ന കാൽനട യാത്രികർ അപകടത്തിൽപ്പെടുന്നതും നിത്യ സംഭവമാണ്. ദേശീയപാതയിൽ ടാറിംഗ് നടക്കുമ്പോൾ നാട്ടുകാർ ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ കല്ലും കുണ്ടും കുഴിയുമുള്ള പാർശ്വഭാഗങ്ങളിൽ ചെമണ്ണ് നിരത്തി അതിന് മുകളിൽ കോൺക്രീറ്റ് ചെയ്യാമെന്ന് ദേശീയ പാത അധികൃതർ ഉറപ്പ് നൽകിയെങ്കിലും അത് പാലിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.
നേരത്തെ മണ്ണ് നിരത്തിയെങ്കിലും മഴക്കാലത്ത് മണ്ണ് കുത്തിയൊഴുകി പോയതോടെ പാറക്കല്ലുകൾ മാത്രമാണ് അവശേഷിച്ചത്. അതോടെയാണ് ചെമ്മണ്ണിട്ട് അതിന് മുകളിൽ കോൺക്രീറ്റ് ചെയ്യാമെന്ന് അധികൃതർ പറഞ്ഞത്. ചിലയിടങ്ങളിൽ പാതയോരത്ത് കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ തള്ളിയത് മൂലം കൂടുതൽ അപകടമുണ്ടാക്കുന്നുണ്ട്.
ദേശീയ പാതയിലെ അറ്റകുറ്റപ്പണിക്കിടെ ചുരണ്ടി നിരപ്പാക്കുമ്പോൾ കിട്ടുന്ന പൊടി ഇട്ടാൽ റോഡിന്റെ വശങ്ങൾ സുരക്ഷിതമാക്കാനാകുമെന്നും നാട്ടുകാർ ചൂണ്ടികാണിക്കുന്നു. ഇത്തരം ചിപ്പുകൾ ദേശീയപാതക്കരുകിൽ പലയിടത്തും കൂട്ടിയിട്ടിരിക്കുകയാണ്. ഇത് ഗതാഗത തടസത്തിനും കാരണമാകുന്നുണ്ട്. കുണ്ടും, കുഴിയും കല്ലും നീക്കി റോഡരുകിലെ നടപ്പാത സഞ്ചാര യോഗ്യമാക്കണമെന്നും റോഡും നടപ്പാതയും തമ്മിലുള്ള ഉയരവ്യത്യാസം നികത്തി അപകടാവസ്ഥ ഒഴിവാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.