കൊച്ചിയുടെ ജലഗതാഗത മേഖല ഇനി വേറെ ലെവല്‍
1511011
Tuesday, February 4, 2025 6:50 AM IST
കൊച്ചി: ആറ് വര്‍ഷക്കാലമായി മുടങ്ങിക്കിടന്ന സംസ്ഥാന ഗതാഗത വകുപ്പിന്റെ എറണാകുളം-മട്ടാഞ്ചേരി ബോട്ട് സര്‍വീസ് ആരംഭിക്കുന്നതുള്പ്പടെ കൊച്ചിയുടെ ജലഗതാഗത മേഖലയിലെ അര ഡെസനോളം പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് നടക്കും. വൈകുന്നേരം നാലിന് എറണാകുളം ജെട്ടിയില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ മന്ത്രി കെ.ബി. ഗണേഷ്കുമാര് ഉദ്ഘാടനം ചെയ്യും.
ജലഗതാഗത വകുപ്പ് കൊച്ചിയില്‍ ടൂറിസം രംഗത്തേക്ക് പ്രവേശിക്കുന്നത് ഉള്‍പ്പടെയുള്ള പദ്ധതികളുടെ ഔദ്യോഗിക ഉദ്ഘാടനമാണ് നടക്കുക. ഉദ്ഘാടനത്തിന് ശേഷം വിനോദ സഞ്ചാരമേഖലയിൽ ഉപയോഗിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സോളാര്‍ ബോട്ടില്‍ മന്ത്രി രാത്രിയാത്രയും നടത്തും.
2018ലെ പ്രളയത്തിന് ശേഷമാണ് മട്ടാഞ്ചേരി ബോട്ട് സര്‍വീസ് നിര്‍ത്തിയത്. ബോട്ട് ജെട്ടിയില്‍ ചെളിയും മരക്കഷണങ്ങളും അടിഞ്ഞു കിടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍വീസ് നിര്‍ത്തിയത്. എന്നാല്‍ സ്വകാര്യ ടൂറിസ്റ്റ് ബോട്ടുകളെ സഹായിക്കാനാണിതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. സ്വകാര്യ ടൂറിസ്റ്റ് ബോട്ടുകള്‍ പതിവായി എത്തി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യാറുണ്ടെന്ന് പാസഞ്ചര്‍ അസോസിയേഷന് ഭാരവാഹിയായ പത്മനാഭ മല്യ പറഞ്ഞു.
ചെളി നീക്കി ബോട്ട് കടന്നുപോകാന്‍ കഴിയും വിതം ആഴം കൂട്ടിയതോടെയാണ് വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ബോട്ട് സര്‍വീസ് പുനരാരംഭിക്കാന്‍ വഴിയൊരുങ്ങിയതെന്നാണ് ജലഗതാഗത വകുപ്പിന്റെ വിശദീകരണം. വിനോദ സഞ്ചാരികളുള്‍പ്പടെ നൂറു കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന സര്‍വീസാണിത്. നിലവില്‍ ഫോര്‍ട്ട്കൊച്ചിയില്‍ ബോട്ടിറങ്ങി ഓട്ടോറിക്ഷയെയും മറ്റും ആശ്രയിച്ചാണ് വിനോദ സഞ്ചാരികളടക്കം മട്ടാഞ്ചേരിയിലേക്ക് പോകുന്നത്. സര്‍വീസ് പുനരാരംഭിക്കുന്നതോടെ ഇവരുടെ യാത്രാക്ലേശത്തിന് പരിഹാരമാകും.
കൂടാതെ 100 പേര്‍ക്കും 70 പേര്‍ക്കും സഞ്ചരിക്കാവുന്ന രണ്ട് കാറ്റമറൈന്‍ ബോട്ടുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. എറണാകുളത്തെ ഫെറി സര്‍വീസുകള്‍ക്കായി ഉപയോഗിക്കുന്നതിനാണിത്. ദേശീയ ജലപാതയില്‍ തേവര-അരൂക്കുറ്റി വിഭാഗത്തില്‍ ഒരു പുതിയ ഫെറി സര്‍വീസിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിലാകും സര്‍വീസ് ഉണ്ടാകുക.
അപകടഘട്ടങ്ങളില്‍ യാത്രക്കാരെ രക്ഷപെടുത്തുന്നതിനായി അഞ്ച് ഡിങ്കി ബോട്ടുകളും ജലഗതാഗത വകുപ്പ് കൊച്ചിയില്‍ എത്തിച്ചിട്ടുണ്ട്. അതേപോലെ ജലപാതകളിലെ പായലും മരക്കക്ഷണങ്ങളും നീക്കി ഗതാഗതം സുഗമമാക്കുന്നതിനായി പുതിയ സില്റ്റ്പുഷര് മെഷീന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. സിഎസ്എംഎലിന്റെ ധനസഹായത്തോടെ നവീകരിച്ച ഫോര്‍ട്ട് കൊച്ചിയിലെ നവീകരിച്ച കസ്റ്റംസ് ബോട്ട് ജെട്ടിയും മന്ത്രി ഉദ്ഘാടനം ചെയ്യും.
രാത്രിയാത്ര കളര്‍ഫുള്ളാക്കാന്‍ ഇന്ദ്ര
ടൂറിസത്തിനായി ജലഗതാഗത വകുപ്പ് അവതരിപ്പിച്ച ‘ഇന്ദ്ര' എന്ന ക്രൂയിസ് ബോട്ടിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. 100 സീറ്റുള്ള എയര്‍കണ്ടീഷന്‍ ചെയ്ത ഡബിള്‍ ഡെക്കര്‍ ബോട്ടാണിത്. നിലവില്‍ പകല്‍ സമയത്ത് സര്‍വീസ് നടത്തിയിരുന്ന ബോട്ട് രാത്രികൂടി സര്‍വീസ് ആരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായി അപ്പര്‍ ഡെക്കിലും വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കാനായി രൂപമാറ്റം വരുത്തി. എല്‍ഇഡികളും വാം ലൈറ്റുകളും ഘടിപ്പിച്ചു.
ഒരു മണിക്കൂറാണ് രാത്രിയാത്ര. കപ്പല്ച്ചാല് ആയതിനാല്‍ 8.30ന് തിരിച്ചെത്തുന്ന നിലയില്‍ സര്‍വീസ് അവസാനിപ്പിക്കും. പിറന്നാള്‍ ആഘോഷം അടക്കമുള്ള പരിപാടികള്‍ ബോട്ട് നല്‍കാനും പദ്ധതിയുണ്ട്. 9.30 വരെയാകും ഇതിനായി അനുവദിക്കുന്ന സമയം. മറൈന്‍ഡ്രൈവ്, ബോള്‍ഗാട്ടി പാലസ്, വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍, വൈപ്പിന്‍, കമാലക്കടവ്, ഫോര്‍ട്ടുകൊച്ചി, വെല്ലിംഗ്ടണ്‍ ഐലന്‍ഡ് എന്നിവിടങ്ങളിലൂടെ ബോട്ട് സഞ്ചരിക്കും. മുതിര്‍ന്നവര്‍ക്ക് 300 രൂപയും കുട്ടികള്‍ക്ക് 150 രൂപയുമാണ് നിരക്ക്.