മണപ്പുറത്തെ പൊതുടാപ്പ് നിർത്തലാക്കാൻ നോട്ടീസ് നൽകി വാട്ടർ അഥോറിറ്റി; വെള്ളക്കരം ബാധ്യത ദേവസ്വം ബോർഡ് ഏറ്റെടുത്തു
1510762
Monday, February 3, 2025 7:04 AM IST
ആലുവ: ശിവരാത്രി മണപ്പുറത്തെ ഭക്തർക്ക് കുടിവെളളം നൽകുന്ന ഏക പൊതു ടാപ്പിന്റെ വെള്ളക്കരം ദേവസ്വം ബോർഡ് ഏറ്റെടുത്തു. വെള്ളക്കരം അടയ്ക്കുന്നതിൽ നിന്ന് ആലുവ നഗരസഭ പിൻമാറിയതോടെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് അത് ഏറ്റെടുക്കാൻ തീരുമാനിച്ചത്.
പൊതു ടാപ്പ് വെള്ളക്കരം അടയ്ക്കാൻ നഗരസഭ തയാറാകാതെ വന്നതിനാൽ കണക്ഷൻ വിഛേദിക്കുമെന്ന് വാട്ടർ അഥോറിറ്റി മുന്നറിയിപ്പ് നോട്ടീസ് നൽകിയിരുന്നു. ശബരിമല തീർഥാടകരുടെ ഇടത്താവളം കൂടിയായ മണപ്പുറത്ത് കുടിവെള്ളം ലഭ്യമാകാതെ വരുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്ന പേരിൽ ഭക്തജനങ്ങൾ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.
മഹാദേവ ക്ഷേത്രപരിസരത്ത് ദേവസ്വം ഓഫീസിന്റെ മുന്നിലുള്ളതാണ് ഈ പൊതു ടാപ്പ്. നിലവിൽ ക്ഷേത്രത്തിനകത്തുള്ള കണക്ഷനെ പൊതു ടാപ്പുമായി ബന്ധിപ്പിക്കാനാണ് തീരുമാനമെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി.ആർ. ജ്യോതി പറഞ്ഞു.
ആലുവ പച്ചക്കറി മാർക്കറ്റിനകത്തെയും ശിവരാത്രി മണപ്പുറത്തേയുമടക്കം നഗരപരിധിയിലെ ഒന്പതു പൊതു ടാപ്പുകൾ വിഛേദിക്കാനാണ് നഗരസഭ വാട്ടർ അഥോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നത്. ആലുവ പച്ചക്കറി മാർക്കറ്റിനകത്തെ വെള്ളക്കരം ഇനി മുതൽ വ്യാപാരികൾ അടയ്ക്കാൻ തയാറായതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ജൽ മിഷൻ പദ്ധതി പ്രകാരം കുടിവെള്ള പൈപ്പുകൾ വ്യാപകമായതോടെ പൊതു ടാപ്പുകളുടെ വെള്ളക്കരം അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടയ്ക്കണമെന്നാണ് സർക്കാർ തീരുമാനം. വെള്ളക്കരം വർധിച്ചതിനെ തുടർന്ന് ആലുവ മുനിസിപ്പാലിറ്റിയും നഗരസഭയിലെ മുഴുവൻ പൊതു ടാപ്പുകളുടെയും കണക്ഷൻ വിഛേദിക്കണമെന്നു നഗരസഭാ കൗൺസിൽ പ്രമേയം പാസാക്കി ജല അഥോറിറ്റിക്ക് നൽകുകയായിരുന്നു.