ബിജെപി സര്‍ക്കാരിന് കീഴില്‍ നടക്കുന്നത് അധികാര കേന്ദ്രീകരണം: മന്ത്രി
1510778
Monday, February 3, 2025 7:05 AM IST
കൊച്ചി: ബിജെപി സര്‍ക്കാരിനു കീഴില്‍ രാജ്യത്ത് നടക്കുന്നത് അധികാര കേന്ദ്രീകരണമാണെന്ന് മന്ത്രി എം.ബി. രാജേഷ്. എറണാകുളം ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ഗാന്ധി സ്മാരക കലാപ്രദര്‍ശനത്തിലെ സംഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
രാഷ്ട്രീയ അധികാരത്തിന്റെയും ഭരണകൂട അധികാരത്തിന്റെയും കേന്ദ്രീകരണം അരക്കിട്ടുറപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഇത്തവണ കിട്ടിയില്ലെങ്കിലും പാര്‍ലമെന്റിനെയും മന്ത്രിസഭയെയും അപ്രസക്തമാക്കി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും ചേര്‍ന്നാണ് ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നത്.
അമിതമായ അധികാര കേന്ദ്രീകരണം ഗാന്ധിയന്‍ ദര്‍ശനത്തിന്റെ നിരാകരണമാണ്. പഞ്ചായത്തീരാജ് സംവിധാനത്തെ ദുര്‍ബലപ്പെടുത്തി തദ്ദേശസ്ഥാപനങ്ങളെ നേരിട്ട് നിയന്ത്രിക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിയുടെ സ്വയം റദ്ദാക്കലുകള്‍ എന്ന വിഷയത്തില്‍ എഴുത്തുകാരന് എസ്. ഗോപാലകൃഷ്ണനും പ്രഭാഷണം നടത്തി. ചിത്രങ്ങളും വിഡിയോകളും ഇന്‍സ്റ്റലേഷനുകളും യാത്രാക്കുറിപ്പുകളുമുള്പ്പെട്ട മള്‍ട്ടി മീഡിയാ പ്രദര്‍ശനം 18ന് സമാപിക്കും.