വൈറ്റിലയിലെ ആര്‍മി ടവര്‍ ഉടൻപുനര്നിര്മിക്കണം: കോടതി
1511009
Tuesday, February 4, 2025 6:50 AM IST
കൊച്ചി: വൈറ്റില ചന്ദേര്‍കുഞ്ച് ആര്‍മി ടവറിലെ താമസക്കാരെ അടിയന്തരമായി ഒഴിപ്പിച്ച് പുനര്‍നിര്‍മാണം നടത്തണമെന്ന് ഹൈക്കോടതി. നിര്‍മാണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തുകയും പണി പൂര്‍ത്തിയാക്കി ടവറുകള്‍ ഉടന്‍ കൈമാറുകയും വേണമെന്നും ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസ് ഉത്തരവിട്ടു.
സ്ട്രക്ചറല്‍ എന്‍ജിനിയര്‍, മുനിസിപ്പല്‍ എന്‍ജിനിയര്‍, റെസിഡന്റ്സ് അസോസിയേഷന്റെ രണ്ടു പ്രതിനിധികള്‍, നഗരാസൂത്രണ വിഭാഗം ഉദ്യോഗസ്ഥന് എന്നിവരടങ്ങുന്ന വിദഗ്ധ സമിതി രൂപീകരിക്കാനാണ് നിര്‍ദേശം. രണ്ടാഴ്ച കൂടുമ്പോള്‍ കമ്മിറ്റിയംഗങ്ങള്‍ യോഗം ചേര്‍ന്ന് നടപടികള്‍ വിലയിരുത്തണം. ടവറിന്റെ ഡിസൈനും നിര്‍മാണ സാങ്കേതിക വിദ്യയും കമ്മിറ്റിക്ക് തീരുമാനിക്കാം. പൊളിക്കുന്ന കെട്ടിടത്തിലെ ഉപയോഗിക്കാവുന്ന സാധനങ്ങളുടെ മൂല്യം കമ്മിറ്റി കണക്കാക്കണം. പുതിയ ടവര്‍ നിര്‍മിക്കുമ്പോള്‍ അധികം ചെലവായ തുക നല്കാന് താമസക്കാര്‍ ബാധ്യസ്ഥരാണെന്നും നടപടികള്‍ വേഗം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ സഹകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
പുതിയ ടവര്‍ പൂര്‍ത്തിയാകുന്നതു വരെ ടവര്‍ ബിയിലെ താമസക്കാര്‍ക്ക് 21,000 രൂപ വീതവും ടവര്‍ സിയിലെ താമസക്കാര്‍ക്ക് 23,000 രൂപ വീതവും പ്രമോട്ടര്‍മാരായ ആര്‍മി വെല്‍ഫെയര്‍ ഹൗസിംഗ് ഓര്ഗനൈസേഷന് പ്രതിമാസ വാടകയായി നല്‍കണം. താമസക്കാരെ ഒഴിപ്പിക്കല്‍, കെട്ടിടം പൊളിക്കല്‍, പുനര്‍നിര്‍മിക്കല്‍ എന്നിവയ്ക്കായി 175 കോടി രൂപ നീക്കിയ്വയ്ക്കാമെന്ന് എഡബ്ല്യുഎച്ച്ഒ വ്യക്തമാക്കിയിരുന്നു. ഈ തുക കമ്മിറ്റിയുടെ തീരുമാന പ്രകാരം വിതരണം ചെയ്യണം. എല്ലാ പ്രവൃത്തികളും സമയബന്ധിതമായി പൂര്‍ത്തിയാക്കണം.
2018ല്‍ വൈറ്റില സില്‍വര്‍ സാന്‍ഡ് ഐലന്‍ഡില്‍ സൈനികര്‍ക്കും വിമുക്തഭടന്മാര്ക്കുമായി എഡബ്ല്യുഎച്ച്ഒ നിര്‍മിച്ച ടവറുകളാണ് മൂന്നു വര്‍ഷത്തിനു ശേഷം അപകടാവസ്ഥയിലായത്. 29 നില വീതമുള്ള ബി,സി ടവറുകള്‍ അറ്റകുറ്റപ്പണിയിലൂടെ നിലനിര്‍ത്താനാവില്ലെന്ന് ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു. ഇരു ടവറുകളിലുമായി 208 ഫ്ളാറ്റുകളാണുള്ളത്. ദുരന്തം ഉണ്ടാകാതിരിക്കാന്‍ താമസക്കാരെ ഉടന്‍ ഒഴിപ്പിക്കണമെന്നും ശിപാര്‍ശ ചെയ്തിരുന്നു.