കെട്ടിടം തകർന്ന സംഭവം: കരാറുകാരനും ഉടമയ്ക്കുമെതിരെ കേസ്
1510997
Tuesday, February 4, 2025 6:28 AM IST
ആലുവ: ഐസ്ക്രീം കമ്പനിയുടെ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് തൊഴിലാളികൾക്ക് പരിക്കേറ്റ സംഭവത്തിൽ സ്ഥാപന ഉടമയ്ക്കും നിർമാണ കരാറുകാരനുമെതിരെ എടത്തല പോലീസ് കേസെടുത്തു. മറ്റുള്ളവരുടെ സ്വകാര്യ സുരക്ഷ അപകടപ്പെടുത്തുന്ന തരത്തിൽ അശ്രദ്ധമായ പ്രവൃത്തി ചെയ്തതിനാണ് കേസ്.
കരാറുകാരായ വരാപ്പുഴ റൈസൺ കോൺട്രാക്ടേഴ്സ് പാർട്ട്ണർ റോയി ജോസഫ്, കെട്ടിട ഉടമയും പ്രിൻസ് പോളിമേഴ്സ് ഉടമയുമായ പെരുമ്പാവൂർ ചേലാമറ്റം സ്വദേശി വർഗീസ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. മേൽക്കൂര ഇടിഞ്ഞു വീണ കെട്ടിടത്തിൽ പ്രിൻസ് പോളിമേഴ്സ് എന്ന പേരിലാണ് സ്ഥാപനം ആരംഭിച്ചത്. ഉടമകൾ പിന്നീട് ഇവിടെ കസേര നിർമാണ യൂണിറ്റും ഐസ്ക്രീം നിർമാണ യൂണിറ്റും ആരംഭിച്ചിരുന്നു. ഐസ്ക്രീം കമ്പനിക്ക് കോൾഡ് സ്റ്റോറേജിനായി നിർമിച്ച കെട്ടിടമാണ് തകർന്നത്.
ഞായറാഴ്ച്ച രാത്രിയാണ് 10,000ത്തോളം ചതുരശ്രയടി വിസ്തീർണമുള്ള മേൽക്കൂരയുടെ കോൺക്രീറ്റിംഗ് പകുതി എത്തിയപ്പോൾ 25 അടി താഴേയ്ക്ക് തകർന്നുവീണത്. ഇരുമ്പ് തൂണുകൾക്ക് മുകളിൽ ഷീറ്റ് ഇട്ട ശേഷമാണ് റെഡിമിക്സ് ഉപയോഗിച്ചാണ് കോൺക്രീറ്റ് ചെയ്തിരുന്നത്. തൂണുകളുടെ അടിഭാഗം ഉറപ്പിച്ചിരുന്ന ബോൾട്ടുകൾ ഇളകിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. തൊഴിലാളികളെല്ലാം കോൺക്രീറ്റിംഗിന് മുകളിലായതിനാലാണ് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരുന്നത്. പെരുമ്പാവൂർ സ്വകാര്യ ബസ് റൂട്ടിൽ നാലാംമൈലിലാണ് അപകടം നടന്നത്.