കിടപ്പുമുറിയുടെ ജനൽക്കന്പി തകർത്ത് മൊബൈൽ ഫോണ് കവർന്നു
1511005
Tuesday, February 4, 2025 6:50 AM IST
വാഴക്കുളം: കിടപ്പുമുറിയുടെ ജനൽക്കന്പി തകർത്ത് വീടിനുള്ളിൽ പ്രവേശിച്ച് മൊബൈൽ ഫോണ് കവർന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി മൂവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് താണിക്കൽ തോമസ് വർഗീസിന്റെ വാഴക്കുളത്തെ വീട്ടിലാണ് കവർച്ച നടന്നത്. ഞായറാഴ്ച വൈകിട്ട് ആറിനും 7.15നും ഇടയിലായിരുന്നു സംഭവം.
തോമസ് ആറോടെ വീടു പൂട്ടി പുറത്തു പോയിരുന്നു. ഭാര്യയും മകളും വാഴക്കുളം പള്ളിയിൽ പോയിരിക്കുകയായിരുന്നു. രാത്രി 7.30ഓടെ മകൻ വീട്ടിലെത്തിയപ്പോൾ ജനൽക്കന്പി തകർക്കപ്പെട്ട നിലയിലും പിൻ വാതിൽ തുറന്ന നിലയിലും കണ്ടെത്തി. അലമാരയും മറ്റുപകരണങ്ങളും വാരിവലിച്ചിട്ട നിലയിലായിരുന്നു. മറ്റു വസ്തുക്കളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് വീട്ടുകാർ പറഞ്ഞു. വാഴക്കുളം പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.