ആന എഴുന്നള്ളിപ്പിനിടെ പാപ്പാന് മദ്യപിച്ചാല്‍ പിടിവീഴും
1510784
Monday, February 3, 2025 7:05 AM IST
കൊച്ചി: ഉത്സവങ്ങളില്‍ ആനയെഴുന്നള്ളിപ്പിനിടെ പാപ്പാന്മാര് മദ്യപിക്കുന്ന സാഹചര്യങ്ങളും ആനകളുടെ മറവില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്ന സാഹചര്യങ്ങളും പരിശോധിക്കാന്‍ നാട്ടാന പരിപാലന ചട്ടപ്രകാരമുള്ള ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയില്‍ തീരുമാനം.
ഇതു സംബന്ധിച്ച് ജില്ലാ പോലീസ് കമ്മീഷണര്‍ക്ക് കത്ത് നല്കാന് യോഗം തീരുമാനിച്ചു. ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വിവിധ തീരുമാനങ്ങള്‍ യോഗത്തിലുണ്ടായി.
ഹൈക്കോടതി നിര്‍ദേശ പ്രകാരം എഴുന്നള്ളിപ്പുകളില്‍ ആനകള്‍ തമ്മിലുള്ള ഏറ്റവും കുറഞ്ഞ അകലം 1.50 മീറ്റര്‍ ആയിരിക്കണം. സ്ഥലപരിധിക്കനുസരിച്ച് അകലം കൂട്ടാവുന്നതാണ്.
ആനകളെ എഴുന്നള്ളിക്കുമ്പോള്‍ ആനകളുടെ അടുത്തുനിന്ന് ജനങ്ങള്‍ നില്‍ക്കുന്നിടത്തേക്ക് മുന്നില്‍ നിന്നും പിന്നില്‍ നിന്നും ഏറ്റവും കുറഞ്ഞത് മൂന്ന് മീറ്റര്‍ അകലം പാലിക്കണമെന്നും ഈ സ്ഥലം ബാരിക്കേഡ് പോലുള്ള വസ്തുക്കള്‍ കൊണ്ട് വേര്‍തിരിക്കണമെന്നും തീരുമാനിച്ചു.
നാട്ടാന പരിപാലന മോണിറ്ററിംഗ് കമ്മിറ്റി തീരുമാന പ്രകാരം ആനകളുടെ തലപ്പൊക്ക മത്സരം നടത്താന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെറായി ഗൗരീശ്വര ക്ഷേത്രം, വൈപ്പിന്‍ മല്ലികാര്‍ജുന ക്ഷേത്രം, ചക്കുമരശേരി കുമാരമംഗലം ക്ഷേത്രം എന്നീ ക്ഷേത്ര ഭാരവാഹികള്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദേശം നല്കിയ വിവരം യോഗം അംഗീകരിച്ചു.
മത്സരസ്വഭാവത്തോടെ ചടങ്ങ് നടത്തിയാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്നും ക്ഷേത്രം ഭാരവാഹികളെ അറിയിച്ചു.