പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങളും ഗൃഹോപകരണങ്ങളും; പണമടച്ച 2,200 പേർക്ക് ലഭിച്ചില്ലെന്ന് പരാതി
1511006
Tuesday, February 4, 2025 6:50 AM IST
പറവൂർ: പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങളും ഗൃഹോപകരണങ്ങളും മറ്റും ലഭിക്കുമെന്ന വാഗ്ദാനം വിശ്വസിച്ചു പണമടച്ചവർക്ക് ലഭിച്ചില്ലെന്ന് പരാതി. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ‘വുമൺ ഓൺ വീൽസ്' എന്ന പദ്ധതിയിൽ നാഷണൽ എൻജിഒ കോൺഫെഡറേഷന്റെ സഹകരണത്തോടെ പറവൂരിലെ ജനസേവ സമിതി ട്രസ്റ്റ് മുഖേന പണം നൽകിയ 2200 ഓളം പേർക്കാണ് ഇരുചക്ര വാഹനങ്ങൾ ലഭിക്കാനുള്ളത്.
ഒരു വർഷം മുന്പ് പണമടച്ചവരും കൂട്ടത്തിലുണ്ട്. വാഹനങ്ങളും ഗൃഹോപകരണങ്ങളും ലഭിക്കാത്തവർ തിങ്കളാഴ്ച പ്രതിഷേധവുമായി മുനിസിപ്പൽ ടൗൺഹാളിനു സമീപമുള്ള ട്രസ്റ്റ് ഓഫീസിൽ എത്തി. പ്രതിഷേധം ശക്തമായതോടെ സ്ഥലത്തെത്തിയ പോലീസിന്റെ സാന്നിധ്യത്തിൽ ട്രസ്റ്റ് ഭാരവാഹികളുമായി ചർച്ച നടത്തിയശേഷമാണു പരാതിക്കാർ പിരിഞ്ഞുപോയത്.
പദ്ധതിയുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിലെ പ്രധാനിയെ കഴിഞ്ഞ ദിവസം മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുചക്ര വാഹനങ്ങൾക്കു പുറമേ ലാപ്ടോപ്, തയ്യൽ മെഷീൻ, മൊബൈൽ ഫോൺ, വാട്ടർ പ്യൂരിഫയർ, ജൈവവളം, സ്കൂൾ കിറ്റുകൾ തുടങ്ങിയവയും നൽകുന്ന പദ്ധതി പ്രമുഖ കമ്പനികളുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചു നടപ്പാക്കുന്നുവെന്നാണു പറഞ്ഞിരുന്നത്.
പല ഘട്ടങ്ങളിലായി 2000 തയ്യൽ മെഷീനുകൾ, 750 ഇരുചക്ര വാഹനങ്ങൾ, 1500 ലാപ്ടോപ്, 1600 സ്കൂൾ കിറ്റ്, 84 വാട്ടർ പ്യൂരിഫയർ, 100 ക്ലസ്റ്ററുകൾക്കായി ജൈവവളം എന്നിവ ജനസേവ ട്രസ്റ്റ് വഴി പറവൂരിൽ വിതരണം ചെയ്തിട്ടുണ്ട്.
ഇക്കഴിഞ്ഞ ജനുവരി രണ്ടിനാണ് ഡിജിറ്റൽ ഗ്രാമം പദ്ധതിയുടെ ഭാഗമായി ഗൃഹോപകരണങ്ങൾ വിതരണം ചെയ്യുന്ന പരിപാടി ഉദ്ഘാടനം ചെയ്തത്. ബുക്ക് ചെയ്താൽ 100 ദിവസത്തിനുള്ളിൽ ഇരുചക്ര വാഹനങ്ങൾ ലഭിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും കാലാവധിക്കുള്ളിൽ പലർക്കും ലഭിച്ചില്ല. കൂടുതൽ പേരിൽനിന്നു തുക വാങ്ങിയ ശേഷം കുറച്ചു പേർക്കു മാത്രം വാഹനങ്ങളും ഗൃഹോപകരണങ്ങളും മറ്റും നൽകുന്നുവെന്നാണ് ആക്ഷേപം.
തങ്ങൾ അടച്ച പണം നാഷണൽ എൻജിഒ കോൺഫെഡറേഷന്റെ അക്കൗണ്ടിൽ ഉണ്ടോയെന്ന് അറിയണമെന്നും ഇല്ലെങ്കിൽ ജനസേവാ സമിതി ട്രസ്റ്റ് ഈ പണം ചെലവഴിച്ചതിനെക്കുറിച്ചും തിരികെ തരുന്നതിനെക്കുറിച്ചും വ്യക്തത നൽകണമെന്നുമായിരുന്നു പരാതിക്കാരുടെ ആവശ്യം. ട്രസ്റ്റ് ചെയർമാൻ എൻ. മധു, കോ-ഓർഡിനേറ്റർ സി.ജി. മേരി, ഉപദേശക സമിതി അംഗം എസ്. രാജൻ എന്നിവരുമായാണ് പരാതിക്കാർ പൊലീസിന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തിയത്.
പണം തിരിച്ചു കിട്ടുന്നതിനുള്ള അപേക്ഷ തിങ്കളാഴ്ച തന്നെ ട്രസ്റ്റ് പരാതിക്കാരിൽനിന്നു സ്വീകരിച്ചു. സംസ്ഥാനത്തു 179 സെന്ററുകൾ വഴി നടപ്പാക്കിയ പദ്ധതിയാണിതെന്നും ജനങ്ങൾ അടച്ച പണം നാഷണൽ എൻജിഒ കോൺഫെഡറേഷന്റെ അക്കൗണ്ടിലേക്ക് അടച്ചെന്നുമാണ് ട്രസ്റ്റ് ഭാരവാഹികൾ പറയുന്നത്.
ഈ പണം തിരിച്ചു കൊടുക്കുന്നതിനെക്കുറിച്ചു 14 നകം തൃപ്തികരമായ മറുപടി നൽകാമെന്നു ഭാരവാഹികൾ ഉറപ്പു നൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.