കള്ളാട് കാർഷികവിളകൾ കത്തിനശിച്ചു
1510984
Tuesday, February 4, 2025 6:28 AM IST
കോതമംഗലം: നഗരസഭയിലെ കള്ളാട് പ്രദേശത്ത് സ്വകാര്യവ്യക്തികളുടെ കൃഷിയിടങ്ങളിലുണ്ടായ തീപിടിത്തത്തിൽ കാർഷിക വിളകൾ കത്തിനശിച്ചു. കള്ളാട് കല്ലുങ്കൽ കുരുവിള തോമസ്, സ്റ്റീഫൻ എന്നിവരുടെ നാല് ഏക്കറോളം വീതം വരുന്ന കൃഷിയിടത്തിലാണ് തീപിടിച്ചത്. ഉദ്ദേശം ഒരു ഏക്കറോളം വരുന്ന ഭാഗത്തെ അടിക്കാടുകളും പൈനാപ്പിൾ കൃഷി, വാഴ, റബർ തൈകൾ എന്നിവയും കത്തി നശിച്ചിട്ടുണ്ട്.
അഗ്നിരക്ഷാസേനയെത്തി വെള്ളം പന്പ് ചെയ്ത് ഉദ്ദേശം അര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണക്കാനായത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു തീപിടിത്തം.
സേനയുടെ പരിശ്രമം കൊണ്ട് മറ്റ് ഭാഗങ്ങളിലേക്ക് തീ പടരാതെ സംരക്ഷിക്കുവാനും കഴിഞ്ഞു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ, സീനിയർ ഫയർ ഓഫീസർ പി.എം റഷീദ്, സേനാംഗങ്ങളായ നന്ദു കൃഷ്ണ, രാഗേഷ് കുമാർ, വിഷ്ണു മോഹൻ, അജ്നാസ്, സായ് കൃഷ്ണ, കെ.പി ഷെമീർ, അൻസിൽ, ഹോംഗാർഡ് സുധീഷ്, സേതു എന്നിവർ ചേർന്നാണ് തീയണച്ചത്.