മൂവാറ്റുപുഴയിൽ കഞ്ചാവ്, ബ്രൗണ്‍ഷുഗർ വില്‍പ്പന; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
1510768
Monday, February 3, 2025 7:04 AM IST
മൂവാറ്റുപുഴ: കഞ്ചാവും ബ്രൗണ്‍ഷുഗറും സ്ഥിരമായി വില്‍പ്പന നടത്തിയ ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ എക്സൈസിന്റെ പിടിയിൽ. പേഴയ്ക്കാപ്പിള്ളി സ്കൂളിന് സമീപമുള്ള റോഡില്‍ ലഹരി വില്‍പ്പന നടത്തിവന്ന ആസാം സ്വദേശി അലിം ഉദ്ദീനെ (29)യാണ് 225 ഗ്രാം കഞ്ചാവും 435 മില്ലിഗ്രാം ബ്രൗണ്‍ഷുഗറുമായി മൂവാറ്റുപുഴ എക്സൈസ് സംഘം പിടികൂടിയത്.
ഇവിടെ സ്ഥിരമായി സ്കൂട്ടറില്‍ എത്തി റോഡിന്റെ വശങ്ങളില് മയക്കുമരുന്ന് ഒളിപ്പിച്ചു വയ്ക്കുകയും ഉപഭോക്താക്കളില്‍നിന്നും പണം കൈപ്പറ്റിയ ശേഷം ഫോണില്‍ മയക്കുമരുന്ന് ഒളിപ്പിച്ചിട്ടുള്ള സ്ഥലം പറഞ്ഞു കൊടുക്കുകയുമാണ് പ്രതിയുടെ രീതി. ഇത് ശ്രദ്ധയില്‍പ്പെട്ട കുടുംബശ്രീ അംഗങ്ങള്‍ പ്രതിയുടെ നീക്കങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തി മൂവാറ്റുപുഴ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് കൈമാറി.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. കൃഷ്ണകുമാറും സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തതിലൂടെ പ്രതിയെക്കുറിച്ച് സൂചന ലഭിക്കുകയും തുടര്‍ന്ന് പ്രതി കഞ്ചാവ് വില്‍പ്പന നടത്തുന്നതിനായി സ്കൂട്ടറില്‍ എത്തിയപ്പോള്‍ കഞ്ചാവും ബ്രൗണ്‍ഷുഗറുമായി പിടികൂടുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്ത് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതി താമസിക്കുന്ന വാടകവീട്ടില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവും ബ്രൗണ്‍ഷുഗറും പിടിച്ചെടുത്തു.
മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതര സംസ്ഥാനക്കാരും മലയാളി യുവാക്കളുമാണ് പ്രതിയില്‍നിന്ന് മയക്കുമരുന്ന് വാങ്ങിയിരുന്നത്. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. അജയകുമാര്‍, പി.ഇ. ഉമ്മര്‍, എം.എം. ഷെബീര്‍, പി.ബി. മാഹിന്‍, രഞ്ജിത്ത് രാജന്, പി.എന്‍. അനിത എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.