പിറവത്ത് രണ്ട് സ്മാർട്ട് അങ്കണവാടികൾ തുറന്നു
1510991
Tuesday, February 4, 2025 6:28 AM IST
പിറവം: പിറവം നഗരസഭയിൽ കക്കാട് മൂന്ന്, നാല് വാർഡുകളിലായി രണ്ട് സ്മാർട്ട് അങ്കണവാടികൾ പ്രവർത്തനമാരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനായാണ് ഉദ്ഘാടനം നിർവഹിച്ചത്. മന്ത്രി വീണ ജോർജ് മുഖ്യാതിഥിയായും പങ്കെടുത്തു.
പിറവം കന്പാനിയൻസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സണ്‍ ജൂലി സാബു, വൈസ് ചെയർമാൻ കെ.പി. സലിം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ്, സ്ഥിരംസമിതി അധ്യക്ഷരായ ബിമൽ ചന്ദ്രൻ, ജൂബി പൗലോസ്, ഷൈനി ഏലിയാസ് കൗണ്‍സിലർമാരായ പ്രീമ സന്തോഷ്, ഷെബി ബിജു, ഡോ. അജേഷ് മനോഹർ, പി. ഗിരീഷ്കുമാർ, ഏലിയാമ്മ ഫിലിപ്പ്, രാജു പാണാലിക്കൽ, ഡോ. സഞ്ജിനി പ്രതീഷ്, ജോജിമോൻ ചാരുപ്ലാവിൽ എന്നിവർ പങ്കെടുത്തു.
27.64 ലക്ഷം രൂപവീതം ചിലവഴിച്ചാണ് രണ്ട് അങ്കണവാടികളും നിർമിച്ചിട്ടുള്ളത്. 70 ശതമാനം സംസ്ഥാന ഫണ്ടും 30 ശതമാനം തദ്ദേശ ഫണ്ടുമാണ്. ഇരുനിലകളിലായി പഠനമുറി, വിശ്രമമുറി, ഭക്ഷണമുറി, അടുക്കള, സ്റ്റോർ റൂം, ഇൻഡോർ ഔട്ട്ഡോർ കളി സ്ഥലം, ഹാൾ, പൂന്തോട്ടം തുടങ്ങിയ സൗകര്യങ്ങളാണ് സ്മാർട്ട് അങ്കണവാടികളിൽ ഒരുക്കിയിട്ടുള്ളത്. നഗരസഭയിൽ രണ്ട് സ്മാർട്ട് അങ്കണവാടികൾക്കു കൂടി അനുമതിയായിട്ടുണ്ട്.