അസാധാരണ കാലാവസ്ഥ: വിയർത്തും വിറച്ചും ജില്ല
1510785
Monday, February 3, 2025 7:05 AM IST
കൊച്ചി: അസാധാരണ കാലാവസ്ഥയിൽ വിയർത്തും വിറച്ചും ജില്ല. പകൽ പൊള്ളുന്ന ചൂടാണെങ്കിൽ പുലർച്ചെയാകുന്നതോടെ തണുപ്പും. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ രാത്രിയും പുലർച്ചെയും തണുപ്പ് പതിവാണെങ്കിലും ഈ മാസങ്ങളിൽ പകൽച്ചൂടിൽ ജില്ല വിയർക്കുന്നത് അസാധാരണമാ ണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പകൽ താപനില വർധിച്ചു. 0.5 ഡിഗ്രി സെൽഷ്യസ് മുതൽ ഒന്നു വരെയാണ് വർധന. ജില്ലയിൽ ഇന്നലെ പകൽ കൂടിയ താപനില 32ഉം കുറഞ്ഞത് 26.2 ഡിഗ്രി സെൽഷ്യസുമാണ്.
കഴിഞ്ഞ മാസം ആദ്യം അനുഭവപ്പെട്ട ഭേദപ്പെട്ട കാലാവസ്ഥയിൽ നിന്ന് മാസാവസാനം എത്തിയപ്പോഴേക്കും വളരെ പെട്ടെന്നാണ് ചൂട് കൂടിയത്. കുറഞ്ഞ താപനില 25 ഡിഗ്രിക്ക് മുകളിലേക്ക് പോകാനും കൂടിയ താപനില 38 ഡിഗ്രിയിലെത്താനും സാധ്യതയുണ്ട്.
നിലവിൽ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. തുടർന്നുള്ള ദിവസങ്ങളിൽ ചൂട് ഇനിയും ഉയരും.
തെക്കൻ-മധ്യകേരളത്തെ അപേക്ഷിച്ച് വടക്കൻ കേരളത്തിൽ ചൂട് കൂടുതലാണെന്ന് കൊച്ചി സർവകലാശാലയിലെ കാലാവസ്ഥാ പഠനവിഭാഗം പറഞ്ഞു.
ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ചൂട് കൂടുന്ന സാഹചര്യത്തിൽ ജില്ലയിലെ വനമേഖലയിൽ കാട്ടുതീയ്ക്കുള്ള സാധ്യതയുണ്ട്. ഈ മേഖലയിൽ താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.്തും വിറച്ചും ജില്ല