പുത്തന്‍കാവിലെ സര്‍ക്കാര്‍ ആശുപത്രിക്കെട്ടിടം നാല് മാസത്തിനകം തുറന്നുകൊടുക്കണം: കോടതി
1510987
Tuesday, February 4, 2025 6:28 AM IST
കൊച്ചി: പൂട്ടിയിട്ടിരിക്കുന്ന പൂത്തോട്ട പുത്തന്‍കാവിലെ സര്‍ക്കാര്‍ ആശുപത്രി കെട്ടിടം നാലു മാസത്തിനകം തുറന്നു കൊടുക്കണമെന്ന് ഹൈക്കോടതി. രണ്ട് വര്‍ഷം മുമ്പ് പണി പൂര്‍ത്തിയാക്കിയെങ്കിലും ലിഫ്റ്റും റാമ്പും ഇല്ലാത്തതിനാല്‍ പ്രവര്‍ത്തനം വൈകുന്നതിനെതിരെ പൂത്തോട്ട സ്വദേശികളായ എം.പി. ജയപ്രകാശ്, കെ.ടി.വിമലന്, എം.പി. ഷൈമോന്‍ എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംധര്‍, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവ്.
രണ്ടു സംവിധാനങ്ങളും ഒരുക്കിയ ശേഷം ആശുപത്രി തുറന്നു കൊടുക്കാനാണ് നിര്‍ദേശം. കിടത്തിചികിത്സയും ഉറപ്പാക്കണം. സമയബന്ധിതമായി കെട്ടിടം പ്രവര്‍ത്തനക്ഷമമാക്കേണ്ട ചുമതല ജില്ലാ കളക്ടര്‍ക്കാണെന്നും ഉത്തരവ് പാലിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കളക്ടര്‍ക്ക് പിന്തുണ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.