കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി
1510776
Monday, February 3, 2025 7:05 AM IST
ചെല്ലാനം: കണ്ണമാലി പുത്തൻതോട് കടപ്പുറത്ത് കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. പള്ളുരുത്തി എസ്ഡിപിവൈ റോഡിൽ ചിത്തുപറമ്പിൽ ഹർഷാദിന്റെ മകൻ ഷാഹിദി(14)നെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു സംഭവം. ഷാഹിദും കുടുംബവും ഉൾപ്പെടെ എട്ടംഗ സംഘമാണ് പുത്തൻതോട് കടപ്പുറത്ത് വിനോദത്തിനായി എത്തിയത്. ഇതിൽ ഷാഹിദും മാതാവ് ഷാഹിനയും കടലിലേക്കിറങ്ങുന്നതിനിടെ ഷാഹിന ഒഴുക്കിൽപ്പെടുകയായിരുന്നു.
ഇവർ ഒഴുക്കിൽപ്പെട്ടത് കണ്ട ഷാഹിദ് ഇവരെ രക്ഷിക്കാനായി ശ്രമിക്കുന്നതിനിടെയാണ് അപകടം. ഷാഹിനയെ നാട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും ഷാഹിദിനെ കാണാതായി.
കാണാതായ ഷാഹിദ് പള്ളുരുത്തി എസ്.ഡി.പി.വൈ.സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. ഫയർഫോഴ്സും പോലീസും ഫിഷറീസ് വകുപ്പിന്റെ ബോട്ടും രാത്രി വൈകിയും തെരച്ചിൽ തുടർന്നു.