ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ ജീവനക്കാരും പരിശോധനയുമില്ല
1510787
Monday, February 3, 2025 7:05 AM IST
കൊച്ചി: ജില്ലയില്‍ ചൂട് കനത്തതിന് പിന്നാലെ ശീതള പാനീയ കടകളടക്കം സജീവമായിട്ടും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ നിര്‍ജീവം. ജീവനക്കാരുടെ അപര്യാപ്തതയാണ് പരിശോധനകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. നിലവില്‍ ഒരു അസംബ്ലി മണ്ഡലത്തില്‍ ഒരു ഭക്ഷ്യ സുരക്ഷാ ഓഫീസറാണുള്ളത്.
നിലവിലുള്ള ജീവനക്കാരെ ഉപയോഗപ്പെടുത്തി കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അവകാശപ്പെടുമ്പോഴും ജില്ലയില്‍ വേനല്‍ക്കാലത്തിന് മുന്നോടിയായി യാതൊരു പരിശാധനകളും ആരംഭിച്ചിട്ടില്ല.
ജില്ലയുടെ വിവിധയിടങ്ങളിലായി വഴിയോരങ്ങളിലടക്കം ശീതള പാനീയക്കടകള്‍ സജീവമായിക്കഴിഞ്ഞു. വില്പനക്കാരിൽ ഇതരസംസ്ഥാനക്കാരുമുണ്ട്. ഇവിടങ്ങളില്‍ ഉപയോഗിക്കുന്ന ഐസ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണെങ്കിലും ഇവ കൃത്യമായി പാലിക്കപ്പെടുന്നില്ല.
പലയിടങ്ങളിലും ഐസ് മലിനമായ വെള്ളത്തില്‍ നിന്നുണ്ടാക്കുന്നതാണെന്നും ആക്ഷേപമുണ്ട്. ഇതു രോഗങ്ങള്‍ക്ക് കാരണമാകും.
ഇതിനുപുറമേ കുപ്പിവെള്ളത്തിന് ആവശ്യക്കാരേറിയതോടെ അംഗീകൃതമല്ലാത്തതും വ്യാജവുമായ കുപ്പിവെള്ളം വില്പനയും വര്‍ധിച്ചിട്ടുണ്ട്.
പരിശോധനകള്‍ പേരിനു മാത്രമായതോടെ ഇതരസംസ്ഥാനക്കാര്‍ പണിയെടുക്കുന്ന കൊച്ചി നഗരത്തിലെയടക്കം ഹോട്ടലുകളില്‍ ഒട്ടുമിക്കവയും വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
വേനല്‍ക്കാലമായതോടെ വിവിധങ്ങളായ രോഗങ്ങള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കണമെന്ന് ആവശ്യവും ശക്തമാണ്.
തട്ടുകടകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ക്ക് സ്പെഷല്‍ സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ടെങ്കിലും ഇവയും നിര്‍ജീവമാണ്.