കെട്ടിടത്തിന്റെ ബീം ഇടിഞ്ഞുവീണ് അഞ്ചു പേർക്ക് പരിക്ക്
1510786
Monday, February 3, 2025 7:05 AM IST
ആലുവ: ഐസ്ക്രീം കമ്പനിയുടെ കോൾഡ് റൂം നിർമാണത്തിനിടെ ബീം ഇടിഞ്ഞു വീണ് അഞ്ചു തൊഴിലാളികൾക്ക് പരിക്കേറ്റു. പെരുമ്പാവൂർ സ്വകാര്യ ബസ് റൂട്ടിൽ വാഴക്കുളം വ്യവസായ മേഖലയിൽ ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു അപകടം.
പരിക്കേറ്റ സരുൺ, പങ്കജ്, ആഷിക്, രാമേശ്വർ, ജ്ഞാനേശ്വർ എന്നിവരെ രാജഗിരി ആശുപത്രി യിൽ പ്രവേശിപ്പിച്ചു. ഇതിൽ സരുൺ ഒഴികെ എല്ലാവരും ഇതര സംസ്ഥാന തൊഴിലാളികളാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല.
സംഭവസമയം കമ്പനി കരാറുകാരന്റെ ഏഴു തൊഴിലാളികളും റെഡിമിക്സ് കമ്പനിയുടെ മൂന്ന് തൊഴിലാളികളുമാണ് ഉണ്ടായിരുന്നത്. പലരുടെയും മുഖത്താണ് പരിക്കുകൾ. വേണ്ടത്ര സുരക്ഷാ സംവിധാനമില്ലാതെയാണ് നിർമാണപ്രവർത്തനം നടത്തിയതെന്ന ആക്ഷേപത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
നിർമാണപ്രവർത്തനം നടക്കുമ്പോൾ എൻജിനീയർമാരൊന്നും ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കാമറി ഐസ്ക്രീം കമ്പനിയുടെ കോൾഡ് റൂം പണിയുന്നതിന്റെ കൺസ്ട്രക്ഷൻ ബീമാണ് ഇടിഞ്ഞു വീണത്.
സംഭവസ്ഥലത്ത് എത്തിയ എടത്തല പോലീസ് അന്വേഷണം ആരംഭിച്ചു.