കിഴക്കൻ മേഖലയിൽ ലഹരി ഉത്പന്നങ്ങളുടെ വില്പന വ്യാപകം
1510994
Tuesday, February 4, 2025 6:28 AM IST
മൂവാറ്റുപുഴ : കിഴക്കൻ മേഖലയിൽ ലഹരിഉത്പ്പന്നങ്ങളുടെ വിൽപന വ്യാപകം. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നിരവധി പേരെയാണ് പോലീസും എക്സൈസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാനക്കാരാണ് പിടികൂടിയതിൽ ഏറെയും.
യുവാക്കളെയും വിദ്യാർഥികളെയും ഇടനിലക്കാരാക്കിയും ലഹരി വിൽപ്പന തകൃതിയായി നടക്കുന്നുണ്ടെന്നും ആക്ഷേപമുയരുന്നുണ്ട്. സ്കൂൾ, കോളജ് പരിസരങ്ങളിൽ ’സ്ട്രോബെറി ക്വിക്’ എന്നറിയപ്പെടുന്ന പുതിയ മയക്കുമരുന്ന് കുട്ടികൾക്കിടയിൽ വിതരണം ചെയ്യപ്പെടുന്നുണ്ടെന്നും ആരോപണമുണ്ട്. സ്ട്രോബെറി പഴത്തിന്റെ ഗന്ധമുള്ള മിഠായി വായിൽ പൊട്ടിത്തെറിക്കുന്ന രൂപത്തിലാണ്. ഇത് സാധാരണ മിഠായി എന്ന് തെറ്റിദ്ധരിച്ചാണ് കുട്ടികൾ വാങ്ങിച്ച് കഴിക്കുന്നത്.
ചോക്ലേറ്റ്, പീനട്ട് ബട്ടർ, കോള, ചെറി, ഗ്രേപ്പ്, ഓറഞ്ച് തുടങ്ങിയ സ്വാദുകളിലും ഇവ ലഭ്യമാണ്. ലഹരി ഉൽപ്പങ്ങളുടെ വിൽപ്പനയ്ക്ക് വൻ റാക്കറ്റു തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് സൂചന.
യുവാക്കളും ഇതര സംസ്ഥാന തൊഴിലാളികളുമാണ് ലഹരി പദാർഥങ്ങളുടെ പ്രധാന ഉപഭോക്താക്കളെന്നതിനാൽ വിദ്യാലയങ്ങളെയും അന്യസംസ്ഥാന തൊഴിലാളി ക്യാന്പുകളെയും കേന്ദ്രീകരിച്ചാണ് പ്രധാനമായും വിൽപ്പന.
പിടിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ റാക്കറ്റിന്റെ മുകളിലെ കണ്ണി വരെ അന്വേഷണം എത്തിക്കാൻ പോലീസിന് കഴിയാത്ത തരത്തിൽ പഴുതുകളടച്ചാണ് സംഘങ്ങൾ പ്രദേശത്ത് വിൽപ്പന സജീവമാക്കുന്നത്.