അനുമതിയില്ലാതെ റോഡ് വെട്ടിപ്പൊളിച്ചാല്‍ നടപടിയെന്ന് കോർപറേഷൻ
1510769
Monday, February 3, 2025 7:04 AM IST
കൊച്ചി: കോർപറേഷനില്‍ നിന്നും അനുമതി വാങ്ങാതെ റോഡില്‍ കുഴിയെടുക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ തീരുമാനം. അമൃത് 2.0 പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ മേയറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
റോഡില്‍ കുഴിയെടുക്കുന്നതിനും പൂര്വസ്ഥതിയിലാക്കുന്നതിനും കൃത്യമായ ഷെഡ്യൂള്‍ തയാക്കണമെന്നും നഗരസഭയില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം മാത്രമേ റോഡ് പൊളിക്കാവൂ എന്നും മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ കര്‍ശന നിര്‍ദേശം നല്കി.
മിക്ക റോഡുകളിലും പൈപ്പിടല്‍ ജോലികള്‍ നടക്കുന്നതായി വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അത്തരം വര്‍ക്കുകള്‍ മഴയ്ക്ക് മുന്‍പ് പൂര്‍ത്തീകരിക്കണമെന്നും മേയര്‍ നിര്‍ദേശിച്ചു. ഒന്നാം ഘട്ട അമൃത് പദ്ധതിയില്‍ പൂര്‍ത്തീകരിച്ച 40 ലക്ഷം ലിറ്ററിന്റെ കലൂര്‍ ഓവര്‍ഹെഡ് ടാങ്കില്‍ നിന്നും 17 ലക്ഷം ലിറ്ററിന്റെ പച്ചാളം ഓവര്‍ഹെഡ് ടാങ്കില്‍ നിന്നുമുള്ള വിതരണ ശൃഖല ഉള്‍പ്പെടെ 15 പദ്ധതികളില്‍ ഏഴ് എണ്ണത്തിന്റെ ടെൻഡര്‍ നടപടികളാണ് ഇനിയും വാട്ടര്‍ അഥോറിറ്റിക്ക് പൂര്‍ത്തീകരിക്കാനുള്ളത്.
10.58 കോടി രൂപയുടെ പെരുമാനൂര്‍-തേവര പൈപ്പ്ലൈന് വര്‍ക്ക് ഉടന്‍ ആരംഭിക്കും. കറുകപ്പള്ളിയില്‍ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള പദ്ധതിയുടെ ടെൻഡര്‍ നടപടികള്‍ ആരംഭിച്ചു. കൂടാതെ പൈപ്പ്ലൈന് ജോലികള്‍ പൂര്‍ത്തീകരിച്ച പെരുമ്പോട്ട റോഡിന്റെയും അശോക് റോഡിന്റെയും ടാറിംഗ് ഉടന്‍ ആരംഭിക്കും.
മട്ടാഞ്ചേരി ഭാഗത്ത് നാശോന്മുഖമായി കിടക്കുന്ന 25 കിണറുകളുടെ പുനരുദ്ധാരണത്തിനുള്ള ടെൻഡര്‍ നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ നഗരസഭ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
എളംകുളം എസ്ടിപിയുടെ സമീപം വരുന്ന ചിലവന്നൂര്‍ കായലിന്റെ ഭാഗം പുനരുദ്ധരിക്കുന്ന ജോലി, നാല് പാര്‍ക്കുകളുടെ പദ്ധതി എന്നിവയുടെ ഭരണാനുമതി ഉടന്‍ ലഭ്യമാകുമെന്ന് മേയര്‍ പറഞ്ഞു.