ജൽ ജീവൻ കുടിവെള്ള പദ്ധതി :ആലുവയിലും കളമശേരിയിലും പദ്ധതി ഇഴയുന്നു
1511004
Tuesday, February 4, 2025 6:28 AM IST
ആലുവ: പദ്ധതി ആരംഭിച്ച് മൂന്നാം വർഷത്തിലേക്ക് കടന്നിട്ടും ജൽ ജീവൻ കുടിവെള്ള പദ്ധതി അനന്തമായി നീളുന്നതായി പരാതി. വാട്ടർ അഥോറിറ്റി, പൊതുമരാമത്ത് വകുപ്പ് , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് പദ്ധതിയെ തകിടം മറിച്ചതെന്നാണ് ജനങ്ങളുടെ വിമർശനം.
റോഡുകൾ കുത്തിപ്പൊളിച്ചിടുന്നതും നിലവിലെ കുടിവെള്ള വിതരണ ശൃംഖല തകർന്നതുമാണ് ജനങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ. കാന നിർമാണം, ടാറിംഗ്, പുതിയ വൈദ്യുതി ലൈൻ വലിക്കൽ തുടങ്ങിയ മറ്റ് പദ്ധതികളേയും ജൽ ജീവൻ പദ്ധതി വൈകുന്നത് ബാധിച്ചിരിക്കുകയാണ്.
കളമശേരി നിയോജക മണ്ഡലത്തിലെ കടുങ്ങല്ലൂർ പഞ്ചായത്തിൽ പലയിടത്തും കഴിഞ്ഞ ഒരു മാസമായി കുടിവെള്ളം കിട്ടാക്കനിയാണ്. ടാങ്കർ ലോറിയിൽ എത്തിക്കുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും തുക നൽകി സ്വകാര്യ സ്ഥാപനങ്ങളെയാണ് ജനങ്ങൾ ആശ്രയിക്കുന്നത്. മുൻ പരിചയമില്ലാത്തവർക്ക് ഉപകരാർ നൽകിയതോടെ പൈപ്പ് നിരന്തരം പൊട്ടുന്നതായാണ് പരാതി.