മുൻ സന്തോഷ് ട്രോഫി താരം ബിബിൻ അജയന്റെ ഭവനമോഹം പൂവണിയുന്നു
1510764
Monday, February 3, 2025 7:04 AM IST
നെടുമ്പാശ്ശേരി : ജനസേവ ശിശുഭവന്റെ അഭിമാനമായ മുൻ സന്തോഷ് ട്രോഫി താരം ബിബിന്‍ അജയന് നെടുമ്പാശേരിയിൽ വീടൊരുങ്ങുന്നു.
ബിബിന്റെ സ്വപ്നഭവനത്തിന്റെ ശിലാസ്ഥാപനം ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി നിർവഹിച്ചു. ജനസേവ ശിശുഭവൻ പ്രസിഡന്റ് അഡ്വ. ചാർളി പോൾ, ബിബിൻ അജയന്റെ പത്നി രോഹിത, രോഹിതയുടെ ബന്ധുക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 2022-ലെ സന്തോഷ് ട്രോഫി ടീമില്‍ ഇടംനേടി കേരള ടീമിനെ വിജയത്തിലേക്ക് നയിച്ച ബിബിൻ അജയന് ഭവനം നിർമിച്ചു നൽകുവാൻ താല്പര്യപ്പെട്ട് അന്ന് പലരും മുന്നോട്ടു വന്നെങ്കിലും എല്ലാം പ്രഖ്യാപനത്തിൽ ഒതുങ്ങി.
എന്നാൽ ജനസേവ ശിശു ഭവൻ ബിബിന്‍ സമ്മാനമായി നൽകിയ നെടുമ്പാശേരി വില്ലേജിൽ മേയ്ക്കാടുള്ള ഏഴു സ്ഥലത്ത് ഭവന നിർമാണത്തിന് സഹായിക്കാമെന്ന് പറഞ്ഞ സ്പോൺസർമാരെ രണ്ടുവർഷത്തോളം കാത്തിരുന്നിട്ടും ഫലം കാണാത്തതിനാൽ ബാങ്ക് വായ്പ എടുത്താണ് ഭവന നിർമാണം നടത്തുന്നത്.
ബിബിൻ ഇപ്പോൾ ഗോകുലം ഫുട്ബോൾ ക്ലബിൽ പ്രഫഷണൽ പ്ലെയറാണ്. 2008 ല്‍ ജോസ് മാവേലിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജനസേവ സ്പോട്സ് അക്കാദമിയിലെ ചിട്ടയായ പരിശീലനത്തിലൂടെയാണ് ബിബിന്‍ ഫുട്ബോള്‍ കളി പഠിച്ചതും വളര്‍ന്നു വന്നതും. 2006 ല്‍ എട്ടു വയസുള്ളപ്പോഴാണ് ബിബിന്റെ സംരക്ഷണം ജനസേവ ഏറ്റെടുത്തത്.