വൈപ്പിനിൽനിന്ന് ഒരു ബംഗ്ലാദേശികൂടി പിടിയിൽ
1510782
Monday, February 3, 2025 7:05 AM IST
വൈപ്പിൻ: ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമാ യി ഒരു ബംഗ്ലാദേശി യെകൂടി പോലീസ് പിടികൂടി. എടവനക്കാട് ഭാഗത്ത് നിന്ന് സുമൻ ഹലാദാറി (22)നെയാണ് ഞാറയ്ക്കൽ പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ബംഗ്ലാദേശ്-ഇന്ത്യ അതിർത്തിയിലെ പുഴ കടന്നാണ് ഇയാൾ ഇന്ത്യയിലേക്കെത്തിയത്. പല സ്ഥലങ്ങളിൽ തങ്ങിയ ശേഷമാണ് ഞാറയ്ക്കലിൽ എത്തിയത്.
ഇയാളുടെ കൈവശം കാണപ്പെട്ട ആധാർ കാർഡുൾപ്പെടെയുള്ള രേഖകൾ പരിശോധിച്ചുവരികയാണ്. ഏജന്റാണ് രേഖകൾ തയാറാക്കി നൽകിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.
ഇവിടെ സഹായിച്ചവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.
ഇതോടെ ഓപ്പറേഷൻ ക്ലീൻ പദ്ധതി പ്രകാരം റൂറൽ ജില്ലയിൽ പിടികൂടിയ ബംഗ്ലാദേശികളുടെ എണ്ണം 35 ആയി. കഴിഞ്ഞ ദിവസം 27 ബംഗ്ലാദേശികളെ പറവൂരിൽനിന്ന് പിടികൂടിയിരുന്നു.
ഡിവൈഎസ്പി എസ്. ജയകൃഷ്ണൻ, ഇൻസ്പെക്ടർ സുനിൽ തോമസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് അന്വേഷണത്തിൽ ഉണ്ടായിരുന്നത്.