തിരുവൈരാണിക്കുളത്ത് ആയിരങ്ങൾക്ക് ദർശനസായൂജ്യം
1496813
Monday, January 20, 2025 5:29 AM IST
കാലടി: തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ ഇന്നലെ ദർശനം നടത്തിയത് ആയിങ്ങൾ. ശനിയാഴ്ച രാത്രിയിലെ ദർശനവും പൂജകളും കഴിഞ്ഞ് നടഅടച്ചതിന് ശേഷം ഭക്തരെത്തി ക്യു കോംപ്ലക്സിലെ വരികളിൽ സ്ഥാനംപിടിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്നിന് നടതുറന്ന് ഏതാനും മിനിറ്റുകൾക്കകം തന്നെ ഭക്തജനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹമായിരുന്നു.
രാവിലെ ആറോടെ നേരിയ തോതിൽ മഴ പെയ്തപ്പോൾ ഭക്തജനങ്ങളുടെ വരവ് അൽപ്പം കുറഞ്ഞങ്കിലും മഴ മാറിയതോടെ ഒഴുക്ക് തുടർന്നു. ഉച്ചയോടെ ക്യു കോംപ്ലക്സ് കടന്ന് വരി പ്രധാനവഴിയിലേക്ക് നീങ്ങി. ക്യൂ സംവിധാനം കാര്യക്ഷമമാക്കിയും കൂടുതൽ വോളണ്ടിയർമാരെ നിയോഗിച്ചും തിരക്ക് അതിരുവിടാതെ നിയന്ത്രിച്ച് പോന്നു. ക്യൂവില്‍ നില്ക്കുന്ന ഭക്തര്‍ക്ക് ലഘുഭക്ഷണവും തിളപ്പിച്ചാറ്റിയ കുടിവെള്ളവും നൽകി.
ക്യൂവില്‍ തന്നെയുള്ള വഴിപാട് കൗണ്ടറുകള്‍ ഭക്തര്‍ക്ക് ഏറെ സഹായകരമായി. ക്ഷേത്ര പരിസരങ്ങളിലെ സിസിടിവി കാമറകളിലെ ദൃശ്യങ്ങൾ ദേവസ്വം കൺട്രോൾ റൂമിൽ നിരീക്ഷിച്ച് നിർദേശങ്ങൾ നൽകിയാണ് ഭക്തജനങ്ങൾക്ക് സുഗമമായ ദർശനമൊരുക്കിയത്.
വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപന പ്രവർത്തനങ്ങളും ഗുണകരമായി. ക്ഷേത്രത്തിന്റെ നിയന്ത്രണത്തിലുള്ള ഗൗരിലക്ഷ്മി ആശുപത്രിയിൽ ഡോക്ടർമാരും ജീവനക്കാരും സേവനത്തിനുണ്ടായിരുന്നു. ശാരീരിക അവശതകൾ നേരിട്ടവരെ ആംബുലൻസ് ഏർപ്പെടുത്തി ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികത്സയും മരുന്നുകളും സൗജന്യമായി നൽകി.
ഭക്തരുടെ ആധിക്യം പരിഗണിച്ച് ഇന്നലെ ദേവിയുടെ നടക്കല്‍ മഞ്ഞള്‍ പറ നടത്തുന്നതിന് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മന്ത്രി രാമചന്ദ്രൻ കടന്നപ്പിള്ളി ഇന്നലെ ക്ഷേത്ര ദർശനത്തിനെത്തി മഞ്ഞൾ പറ നിറച്ചാണ് മടങ്ങിയത്. നടതുറപ്പ് മഹോത്സവം 23 ന് സമാപിക്കും.