ഓൺലൈൻ പരീക്ഷാ കേന്ദ്രം: കീഴ്മാട് സർക്കുലർ റോഡിൽ ഗതാഗതതടസം രൂക്ഷം
1496808
Monday, January 20, 2025 5:29 AM IST
ആലുവ: കുട്ടമശേരി കുന്നുംപുറത്ത് പ്രവർത്തിക്കുന്ന ഓൺലൈൻ പരീക്ഷ സെന്ററിൽ എത്തിയവർ റോഡിനിരുവശവും വാഹനങ്ങൾ പാർക്കിംഗ് ചെയ്തതോടെ കീഴ്മാട് സർക്കുലർ റോഡിൽ വൻ ഗതാഗതക്കുരുക്ക്. അനധികൃത പാർക്കിനെതിരേ പ്രദേശവാസികൾ പലവട്ടം സമരങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും പരീക്ഷാ ദിനങ്ങളിൽ സർക്കുലർ റോഡ് ബ്ലോക്കിൽപ്പെടുന്നതായാണ് പരാതി.
വിവിധ സർക്കാർ വകുപ്പുകളിലേക്കുള്ള പരീക്ഷകളാണിവിടെ മിക്ക ദിവസങ്ങളിലും നടക്കുന്നത്. ചില ദിവസങ്ങളിൽ മൂന്ന് തവണയായാണ് പരീക്ഷകൾ നടക്കുന്നത്. കേരളത്തിനകത്തും പുറത്തു നിന്നുമായി നിരവധി ഉദ്യോഗാർത്ഥികളാവിടെ എത്തുന്നത്. പരീക്ഷ കഴിഞ്ഞിറങ്ങുന്നവരും അടുത്ത പരീക്ഷക്ക് വരുന്നവരും ഒരേ സമയം വരുമ്പോൾ വാഹന പാർക്കിംഗിനായി സ്ഥലം അനുവദിച്ചിട്ടുണ്ടെങ്കിലും മതിയാകുന്നില്ല.
ഇന്നലെ ഞായറാഴ്ച ആയതിനാലാണ് റോഡ് ബ്ലോക്ക് ആയെങ്കിലും വലിയ അസൗകര്യം ഉണ്ടാകാതിരുന്നത്. പെരുമ്പാവൂർ കെഎസ്ആർടിസി, സ്വകാര്യ ബസ് റൂട്ടുകളെ പരസ്പരം ബന്ധിപ്പിക്കുന്ന സർക്കുലർ റൂട്ടിലൂടെ ബസുകളും കടന്നു പോകുന്നുണ്ട്. ഇവയും ഗതാഗതക്കുരുക്കിൽ പെടാറുണ്ട്. രാജഗിരി ആശുപത്രിയിക്കുള്ള ആബുലൻസികൾക്കും അനധികൃത പാർക്കിംഗ് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
പലതവണ ഓൺലൈൻ നടത്തിപ്പുകാർക്ക് പരാതി നൽകിയിട്ടുണ്ടെങ്കിലും അനധികൃത പാർക്കിന് ശമനമില്ല. ഇതിനെതിരെ പോലീസ് അധികാരികൾക്കും ജില്ലാ കളക്ടർക്കും ഭീമ ഹർജി നൽകാൻ തീരുമാനിച്ചതായി പ്രദേശവാസികൾ പറഞ്ഞു.