കൂത്താട്ടുകുളത്തെ അവിശ്വാസം: ഡിവൈഎസ്പിക്കെതിരെ കോണ്‍ഗ്രസ് കോടതിയിലേക്ക്
1496786
Monday, January 20, 2025 5:04 AM IST
കൂത്താട്ടുകുളം: നഗരസഭയിലെ കൗണ്‍സിലർമാർക്ക് അവിശ്വാസ പ്രമേയം ചർച്ചയിൽ പങ്കെടുക്കാൻ എത്തിയ കൗണ്‍സിലർമാർക്ക് സുരക്ഷ ഉറപ്പാക്കാൻ കോടതി ഉത്തരവ് ഉണ്ടായിട്ടും അത് പാലിക്കാതെ സിപിഎമ്മിന് വേണ്ടി ഒത്താശ ചെയ്ത ഡിവൈഎസ്പി പി.എം. ബൈജുവിനെതിരെ കോണ്‍ഗ്രസ് കോടതിയിലേക്ക്. ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ് കൂത്താട്ടുകുളത്ത് നടന്നതെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോണ്‍ പറഞ്ഞു.
കൗണ്‍സിലർമാർക്ക് സുരക്ഷിതമായി കൗണ്‍സിൽ ഹാളിൽ എത്തി അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനുള്ള അവസരം ഒരിക്കൽ കൂടി ലഭിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട ഇന്ന് വൈകുന്നേരം നാലിന് കൂത്താട്ടുകുളത്ത് യുഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടക്കും. കൂത്താട്ടുകുളത്തുണ്ടായ സംഘർഷത്തെ തുടർന്ന് പോലീസ് എൽഡിഎഫ്, യുഡിഎഫ് അംഗങ്ങൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
പോലീസ് സ്റ്റേഷൻ ഉപരോധിച്ചതിന് അനൂപ് ജേക്കബ് എംഎൽഎ അടക്കം കണ്ടാൽ അറിയാവുന്ന 50 പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ കേസ് എടുത്തപ്പോൾ യുഡിഎഫ് പ്രവർത്തകരെ മർദിച്ചതായി കാണിച്ചാണ് എൽഡിഎഫ് പ്രവർത്തകർക്കെതിരെ കേസ് എടുത്തത്.
ശനിയാഴ്ചയുണ്ടായ സംഭവത്തിൽ സിപിഎം ഏരിയ സെക്രട്ടറി പി.ബി. രതീഷ്, നഗരസഭാധ്യക്ഷ വിജയ ശിവൻ, വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, സിപിഎം ലോക്കൽ സെക്രട്ടറി രതീഷ് ജോർജ് ഉൾപ്പെടെ കണ്ടാലറിയാവുന്ന 49 പേർക്കെതിരെ കേസ് എടുത്തിരുന്നു.
പോലീസ് വീഴ്ച: അന്വേഷണത്തിന് ഉത്തരവിട്ട് റൂറൽ എസ്പി
ആലുവ: കൂത്താട്ടുകുളം നഗരസഭയില്‍ വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഡി വൈഎസ്പിക്ക് വീഴ്ചയെന്ന ആരോപണത്തില്‍ അന്വേഷണം നടക്കുമെന്ന് എറണാകുളം ജില്ലാ റൂറല്‍ എസ്പി വൈഭവ് സക്സേന. അഡീഷണല്‍ എസ്പി, സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി എന്നിവര്‍ക്കാണ് അന്വേഷണച്ചുമതല.
അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ നല്കാന് നിര്‍ദേശം നല്‍കിയതായും വീഴ്ച കണ്ടെത്തിയാല്‍ പോലീസിനെതിരെ നടപടി ഉണ്ടാകുമെന്നും റൂറല്‍ എസ്പി അറിയിച്ചു. കൗണ്‍സിലര്‍ കലാ രാജുവിന്റെ രഹസ്യമൊഴി രേഖപ്പെടുത്താനായി കോടതിയില്‍ അപേക്ഷ നല്‍കും. തട്ടിക്കൊണ്ടുപോയെന്ന കേസില്‍ ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും റൂറൽ ജില്ലാ പോലീസ് മേധാവി അറിയിച്ചു.