പെരിയാർവാലി കനാൽ വെള്ളം റോഡിലേക്ക്
1496794
Monday, January 20, 2025 5:16 AM IST
കോലഞ്ചേരി: പെരിയാർവാലി കനാൽ ജലം റോഡിലേക്ക് ഒഴുകുന്നതായി പരാതി. ഇതുമൂലം ദിവസങ്ങളായി വെള്ളത്തിലാണ് യാത്രക്കാരുടെ നടപ്പും യാത്രയും. ഈ വേനലിൽ ആദ്യമെത്തിയ കനാൽ വെള്ളമാണ് നിറഞ്ഞൊഴുകി കനാലിന് പുറത്തേക്ക് ഒഴുകുന്നത്.
അമിതമായി ജലം കനാലിലൂടെ ഒഴുക്കി വിടുന്നതാണ് കവിഞ്ഞ് ഒഴുകാൻ കാരണം. ചിലയിടങ്ങളിൽ കനാൽ ബണ്ടിന് ചോർച്ചയുണ്ട്. കോലഞ്ചേരി പള്ളി - കോട്ടൂർ റോഡിൽ പെരിയാർവാലി നീർപ്പാലം കവിഞ്ഞ് വെള്ളം റോഡിലേക്ക് ഒഴുകുകയാണ്. ഇതു റോഡ് തകരാൻ കാരണമാകുന്നുണ്ട്. കാലപ്പഴക്കത്താൽ നീർപ്പാലത്തിൽ പലയിടത്തും കോൺക്രീറ്റ് അടർന്നു പോയിട്ടുണ്ട്. പലയിടത്തും ദ്രവിച്ച കമ്പികൾ പുറത്തുകാണാം.
40 വർഷത്തിലേറെ പഴക്ക മുള്ള അക്വഡക്ടാണ് താറുമാറായി കിടക്കുന്നത്.റോഡിൽനിന്ന് 10 മുതൽ 30 വരെ അടി ഉയരത്തിലാണ് നീർപ്പാലം സ്ഥിതി ചെയ്യുന്നത്. കവിഞ്ഞ് പുറത്തേക്ക് ഒഴുകുന്ന വെള്ളം യാത്രക്കാരുടെ ദേഹത്തേക്കാണ് തെറിച്ചു വീഴുന്നത്.
ചൂണ്ടിയിൽ കനാൽ നിറഞ്ഞ് വെള്ളം ടൗണിലെത്തി കോലഞ്ചേരി ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിൽ കെട്ടിക്കിടക്കുന്നുണ്ട്. പുത്തൻകുരിശ് പോലീസ് സ്റ്റേഷനു മുൻപിലും കനാൽ ജലം കവിഞ്ഞൊഴുകി ദേശീയപാതയിൽ കെട്ടിക്കിടക്കുന്നുണ്ട്. വിഷയത്തിൽ വേണ്ടത്ര ശ്രദ്ധ പുലർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.