സിപിഎം തിരക്കഥയില്‍ പോലീസ് അഭിനയിക്കുന്നു: മുഹമ്മദ് ഷിയാസ്
1496787
Monday, January 20, 2025 5:04 AM IST
കൊച്ചി: കൂത്താട്ടുകുളത്ത് സ്വന്തം കൗൺസിലറെ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സിപിഎം തയാറാക്കിയ തിരക്കഥയിൽ പോലീസ് അഭിനയിക്കുകയായിരുന്നെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.
ഹൈക്കോടതിയുടെ വിധിക്ക് മുകളിലാണ് പാര്‍ട്ടിക്കോടതി വിധിയെന്നാണ് കൂത്താട്ടുകുളം സംഭവം ഓര്‍മിപ്പിക്കുന്നത്. കൗണ്‍സിലര്‍ കലാ രാജുവിനും കുടുംബത്തിനും എല്ലാവിധ പിന്തുണയും കോണ്‍ഗ്രസ് ഉറപ്പാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സ്ത്രീ സുരക്ഷ പ്രസംഗിക്കുന്ന പാര്‍ട്ടിയുടെ ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് അമ്മയുടെ പ്രായമുള്ള സ്ത്രീക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. സുരക്ഷയൊരുക്കേണ്ട പോലീസ് കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. മണിക്കൂറുകള്‍ തടവില്‍വച്ച് ആരോഗ്യപരമായ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച കലാ രാജുവിനെ വീട്ടില്‍ കൊണ്ടു തള്ളുകയായിരുന്നു നേതൃത്വം. സ്ത്രീകളോടുള്ള സിപിഎമ്മിന്റെ പൊതു സമീപനമാണ് കൂത്താട്ടുകുളത്ത് കണ്ടതെന്നും ഷിയാസ് പറഞ്ഞു.
കൗണ്‍സിലര്‍ കലാ രാജുവിനെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. എംഎല്‍എമാരായ ടി.ജെ. വിനോദ്, മാത്യു കുഴല്നാടന്,
യുഡിഎഫ് ജില്ലാ ചെയര്മാന് ഡൊമിനിക്ക് പ്രസന്റേഷന്, നേതാക്കളായ ടോണി ചമ്മിണി, എം.ആര്. അഭിലാഷ്, സുനീല സിബി, വിജു ചൂളക്കന്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.