കലാ രാജു സിപിഎം മാഫിയാ രാഷ്ട്രീയത്തിന്റെ ഇര: മാത്യു കുഴൽനാടൻ എംഎൽഎ
1496795
Monday, January 20, 2025 5:16 AM IST
മൂവാറ്റുപുഴ: സിപിഎം മാഫിയാ രാഷ്ട്രീയത്തിന്റെ ഇരയാണ് കലാ രാജുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. അവിശ്വാസം പാസായാൽ ഭരണം നഷ്ടപ്പെടും എന്നതിനേക്കാൾ ഉപരി സിപിഎമ്മിന്റെ മാഫിയ രാഷ്ട്രീയത്തിന്റെ കഥകൾ പുറത്തുവരുമെന്നുള്ള ഭയത്താലാണ് കൂത്താട്ടുകുളത്ത് സിപിഎമ്മിന്റെ കൗണ്‍സിലറായ കലാ രാജുവിനെ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലടങ്ങുന്നവർ തട്ടിക്കൊണ്ടുപോയി പാർട്ടി ഓഫീസിൽ തടങ്കലിൽ ഭീഷണി മുഴക്കിയതും അതിന് വഴങ്ങാതായപ്പോൾ മർദിക്കുകയും ചെയ്തത്.
സ്ത്രീ സുരക്ഷയെക്കുറിച്ച് പാർട്ടി സമ്മേളനങ്ങളിലും നിയമസഭയിലും മുഖ്യമന്ത്രിയടക്കം വാതോരാതെ പ്രസംഗിച്ച് നടക്കുന്ന സമയത്താണ് സിപിഎം ജില്ലാ കമ്മിറ്റിയുടെ അറിവോടെ വിധവയും നിരാലംബയുമായ ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് കൊലവിളി മുഴക്കിയതും പൊതുജനമധ്യത്തിലിട്ട് അവരുടെ വസ്ത്രം ഉരിയാൻ ശ്രമിച്ചതും.
ഒരു ഏരിയ കമ്മിറ്റി ചെയ്ത ഈ പ്രവർത്തിയെ തള്ളിപ്പറയാനോ എതിർക്കാനോ തയാറാവാതെ അധികാരം ഉപയോഗിച്ച് അവരെ സംരക്ഷിക്കുകയാണ് സിപിഎം എന്ന പാർട്ടിയും മുഖ്യമന്ത്രിയും ഇപ്പോൾ ചെയ്യുന്നത്. സംഭവം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും ഇതിനെതിരെ ശബ്ദിക്കാൻ പോലും കഴിയാതെ നിൽക്കുകയാണ് മന്ത്രിസഭയിലെ വീണ ജോർജ് അടക്കമുള്ള വനിതാ മന്ത്രിമാരും സിപിഎമ്മിന്റെ വനിതാ നേതാക്കളും.
കലാ രാജുവിനും കുടുംബത്തിനും എല്ലാ നിലയ്ക്കുള്ള രാഷ്ട്രീയപരവും നിയമപരവുമായ സംരക്ഷണം ഒരുക്കാൻ കോണ്‍ഗ്രസ് പാർട്ടി തീരുമാനമെടുത്തിട്ടുള്ളതായും മാത്യു കുഴൽനാടൻ എംഎൽഎ അറിയിച്ചു.